പൊന്‍കുന്നം: യോഗ ജീവതത്തിന്റെ ഭാഗമാക്കണമെന്ന് ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സംഘടനാ സെക്രട്ടറി എ.സി. ഗോപിനാഥ്. കേന്ദ്രസാംസ്‌കാരിക വകുപ്പിന്റെയും വിദ്യാഭാരതിയുടെയും നേതൃത്വത്തില്‍ നടത്തിവരുന്ന യോഗാ ശില്‍പശാലയുടെ ഭാഗമായി കോട്ടയം ജില്ലാതല ഏകദിന യോഗാശില്‍പശാലയിലെ സമാപനസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മനുഷ്യന്റെ വികൃതികളെ മാറ്റിയെടുക്കുന്നതിന് ലോകം സ്വീകരിച്ച പദ്ധതിയാണ് യോഗ. വിദ്യാഭ്യാസ പദ്ധതിയില്‍ ഏറ്റവും ആവശ്യമായ ശ്രദ്ധ ലഭിക്കുന്നതിനുള്ള വ്യായാമം കൂടിയാണിതെന്നും എ.സി. ഗോപിനാഥ് പറഞ്ഞു.
യോഗത്തില്‍ ചിറക്കടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എന്‍. ഗിരീഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കെ.ജി.കണ്ണന്‍, ഭാരതീയ വിദ്യാനികേതന്‍ ജില്ലാ വൈസ് പ്രസിഡന്റ് എം.ആര്‍. പത്മനാഭന്‍, സെക്രട്ടറി പ്രമോദ് എസ്. തുടങ്ങിയവര്‍ സംസാരിച്ചു.
ശില്‍പശാലയുടെ ഉദ്ഘാടനം വിദ്യാഭാരതി ജോയിന്റ് സെക്രട്ടറി എന്‍.സി.ടി. രാജഗോപാല്‍ നിര്‍വ്വഹിച്ചു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജയാശ്രീധര്‍ അദ്ധ്യക്ഷത വഹിച്ചു. രാഹുല്‍ ഈശ്വര്‍ മുഖ്യപ്രഭാഷണം നടത്തി. യോഗപ്രചരണം നടത്തുന്ന വനിതകളെ ചടങ്ങില്‍ ആദരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഞ്ഞൂറിലേറെ വിദ്യാര്‍ത്ഥികള്‍ ഏകദിന ശില്‍പശാലയില്‍ പങ്കെടുത്തു. ഭാരതീയ വിദ്യാനികേതന്‍, തമ്പലക്കാട് വേദവ്യാസ വിദ്യാലയം, പൊന്‍കുന്നം സ്വസ്തി സ്‌കൂള്‍ ഓഫ് യോഗ എന്നിവ ചേര്‍ന്നാണ് ശില്‍പശാല സംഘടിപ്പിച്ചത്.
















