കാഞ്ഞിരപ്പള്ളി: സമൂഹത്തിലെ ധൂര്‍ത്തടിച്ചുള്ള വിവാഹരീതി അവസാനിപ്പിക്കണമെന്ന് കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. കാഞ്ഞിരപ്പള്ളി ലയണ്‍സ് ക്ലബ് നടപ്പാക്കുന്ന വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവാഹ ധൂര്‍ത്തിന് ചിലവഴിക്കുന്ന തുകയ്‌ക്ക് നികുതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. ഈയിനത്തില്‍ ലഭിക്കുന്ന തുകയ്‌ക്ക് നിരവധി കാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഡംബരചിലവ് മൂലം കേരളത്തിലെ ജനങ്ങള്‍ കടക്കെണിയില്‍ വീണു കൊണ്ടിരിക്കുകയാണ്. ഈ പ്രവണത ഒഴിവാക്കേണ്ടതാണ്. നാട്ടില്‍ സംഘടനകള്‍ ധാരാളം ഉണ്ടെങ്കിലും സമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന കാര്യത്തില്‍ പലതും മടിച്ചുനില്‍ക്കുകയാണ്. എന്നാല്‍ ലയണ്‍സ് ക്ലബ് പോലുള്ള സംഘടനകള്‍ കാരുണ്യ പ്രവര്‍ത്തങ്ങളുമായി മുന്നിട്ടിറങ്ങുന്നത് അഭിനന്ദനാര്‍ഹമാണെന്നും പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
കുന്നുഭാഗം ജനറല്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന നിര്‍ദ്ധനരായ രോഗികള്‍ക്ക് ലയണ്‍സ് ക്ലബ് ഉച്ചഭക്ഷണം നല്‍കുന്ന കനിവ് 2016 പദ്ധതി, വൃദ്ധജന ക്ഷേമത്തിന് രൂപീകരിച്ച സ്‌നേഹസ്പര്‍ശം, ലോക ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിനത്തില്‍ നടത്തുന്ന വിവിധ ക്ഷേമപദ്ധതികള്‍, അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളില്‍ നടത്തുന്ന സ്വാന്തന സഹായ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ഉദ്ഘാടനമാണ് സ്പീക്കര്‍ നിര്‍വ്വഹിച്ചത്.
ലയണ്‍സ് ക്ലബ് പ്രസിഡന്റ് തോമസ് കുന്നപ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തില്‍ ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ ജോയി തോമസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ഷക്കീല നസീര്‍, അഡ്വ. ജയാ ശ്രീധര്‍, ഗിരീഷ് എസ്. നായര്‍, പി.ജി ശ്രീകാന്ത് എന്നിവര്‍ സംസാരിച്ചു.
















