സിനിമയിലേക്ക് ജനശ്രദ്ധയാകര്‍ഷിക്കുന്നതിന് ബോളിവുഡും ഹോളിവുഡും നടത്തുന്ന ഗോസിപ്പ് പ്രചാരണങ്ങള്‍ സുപരിചിതമാണ്. എന്നാല്‍ ഇത്തരത്തില്‍ യാതൊരു ചുവടുവയ്പ്പുകളും ഇല്ലാതെ അണിയറ മികവുകൊണ്ട് സൈറാത്ത് എന്ന മറാത്തി ചിത്രം ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നു. ഇതോടൊപ്പം ഒരിക്കലും പ്രതീക്ഷിക്കാതെ ഒരു വിവാദവും സൈറാത്തിനൊപ്പം കൂടി. അടുത്തിടെ ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ നടന്ന ബലാത്സംഗക്കേസില്‍ വലിച്ചിഴയ്ക്കപ്പെട്ടു, സൈറാത്ത്.
സൈറാത്ത് സിനിമ ആരുടെയങ്കിലും കൈവശമുണ്ടെങ്കില്‍ അറിയിക്കണമെന്ന് ജെഎന്‍യുവിലെ ഒരു ഗവേഷക വിദ്യാര്‍ത്ഥിനി തന്റെ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. സഹപാഠിയും ഇടത് സംഘടനയായ എഐഎസ്എ പ്രവര്‍ത്തകനുമായ അന്മോല് രത്തന്‍ ഇത് കാണുന്നതോടെയാണ് സൈറാത്തും വിവാദത്തില്‍പ്പെടുന്നത്. രത്തന്‍ സിഡി തരാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഹോസ്റ്റല്‍ മുറിയിലേക്ക് വിളിപ്പിച്ചു. അതിനുശേഷം പാനീയം നല്കി മയക്കി ബലാത്സംഗം ചെയ്തെന്നാണ് കേസ്. സംഭവം പുറത്ത് പറയരുതെന്ന് ഇയാള്‍ ആവശ്യപ്പെട്ടെങ്കിലും പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയതോടെ ദേശീയ തലത്തില്‍ ചര്‍ച്ചയായി. രത്തനെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ ജെഎന്‍യുവില്‍ പ്രക്ഷോഭം നടത്തി വരികയാണ്.
വിവാദത്തില്‍ ഉള്‍പ്പെട്ടെങ്കിലും പുതിയ ചരിത്രം സൃഷ്ടിച്ചുകൊണ്ട് സൈറാത്ത് മുന്നേറുകയാണ്.
ഏപ്രില്‍ അവസാനവാരമാണ് സൈറാത്ത് റിലീസ് ചെയ്തത്. 61- ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാനത്തില്‍ ഫാന്ദ്രിയിലൂടെ മികച്ച നവാഗത സിനിമയ്ക്കുള്ള അവാര്‍ഡ് നേടിയ നാഗ്രാജ് മഞ്ജുലെ സംവിധാനം ചെയ്ത ചിത്രം നാലുകോടി ബജറ്റിലാണ് പൂര്‍ത്തിയാക്കിയത്. റിലീസായി രണ്ടാഴ്ചയ്ക്കുള്ളില്‍ 40 കോടി നേടിയ ചിത്രം ഇപ്പോള്‍ 130 കോടിയിലധികം പെട്ടിയിലാക്കി. സല്‍മാന്‍ഖാന്റേയും അമീറിന്റേയും സിനിമകള്‍ക്കുമുന്നില്‍ ഇതൊന്നും റെക്കോര്‍ഡ് അല്ലെന്ന് വേണമെങ്കില്‍ പറയാം. മറാത്തി സിനിമകളുടെ തിയേറ്റര്‍ റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ തന്നെ സിനിമയുടെ നിലവാരം മനസ്സിലാക്കാം. നാനാപടേക്കറിന്റെ നട്സാമ്രാട്ട് എന്ന ചിത്രമാണ് മുമ്പ് മറാത്തി ഭാഷയില്‍ പുറത്തിറങ്ങിയതില്‍ കൂടുതല്‍ പണം വാരിയിട്ടുള്ളത്. 65 കോടി.
ഇത്രയും ജനപ്രീതിയാര്‍ജ്ജിക്കാന്‍ സൈറാത്തില്‍ എന്താണുള്ളത്? ഒരു പ്രണയ കഥ മികച്ച രീതിയില്‍ യുവാക്കള്‍ക്ക് പ്രചോദനമാവുന്ന വിധത്തിലെത്തിക്കാന്‍ സംവിധാകയനും അതിലെ അഭിനേതാക്കള്‍ക്കും കഴിഞ്ഞു.താഴ്ന്ന ജാതിക്കാരനായ പര്‍ഷ്യ എന്ന യുവാവും ജന്മിയുടെ മകളായ ആര്ചിയും തമ്മിലുള്ള പ്രണയമാണ് ഇതിവൃത്തം. ദരിദ്രനെങ്കിലും പഠനത്തിലും ക്രിക്കറ്റിലും പര്‍ഷ്യ ഒരുപോലെ തിളങ്ങി. പ്രണയും പുറത്തറിയുന്നതോടെ ജന്മി കുടുംബത്തിന്റെ ദുരഭിമാനവും തലപൊക്കി. തുടര്‍ന്ന് നാടുവിടുന്ന ഇരുവര്‍ക്കും സുമന് അക്ക എന്ന സ്ത്രീ സഹായവുമായി എത്തുകയും തൊഴില്‍ നേടാന്‍ സഹായിക്കുകയും ചെയ്യുന്നു.
പിന്നീട് ആര്‍ച്ചിയുടേയും പര്ഷ്യയുടേയും ജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായെങ്കിലും ഇരുവരും അത് തിരുത്തി സന്തോഷകരമായ ജീവിതം നയിച്ചു. കൂട്ടായി അവര്‍ക്കൊരു മകനും പിറന്നു. വര്‍ഷങ്ങള്‍ക്കുശേഷം ആര്‍ചി അമ്മയുമായി ഫോണില്‍ ബന്ധപ്പെട്ടു. സഹോദരന് പ്രിന്‍സ് ഇതറിയുന്നു. അമ്മ തന്നയച്ചെന്ന പേരില്‍ പര്ഷ്യക്കും ആര്‍ച്ചിക്കും മകനും സമ്മാനങ്ങളുമായി പ്രിന്‍സും കൂട്ടുകാരും എത്തുന്നു. അയാള്‍ ഇരുവരേയും വകവരുത്തുന്നു.
വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇടയ്ക്കിടെയുണ്ടാവുന്ന ദുരഭിമാനക്കൊലയെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കാന്‍ സൈറാത്തിനായിട്ടുണ്ട്.
റിങ്കു രാജ്ഗുരു, ആകാശ് തോസാര്‍ എന്നീ പുതുമുഖങ്ങളാണ് സൈറാത്തിലെ നായികാ- നായകന്മാര്. സിനിമയിലെ നാല് ഗാനങ്ങളും ഹിറ്റായി. ചെറിയ ബജറ്റില്‍ അതും പുതുമുഖങ്ങളെ അണിനിരത്തി നിര്‍മ്മിക്കുന്ന സിനിമ ശരാശരി കളക്ഷന്‍ നേടുക തന്നെ പ്രയാസം. അപ്പോഴാണ് ദേശീയ തലത്തിലും ഹിറ്റാവുന്നത്. മഹാരാഷ്ട്രയില്‍ തന്നെ നാനൂറ്റിയമ്പതിലേറെ തിയേറ്ററുകളിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. ചിത്രത്തിനു ലഭിച്ച ആവേശോജ്ജ്വലമായ പ്രതികരണങ്ങള്‍ കാരണം ഗള്‍ഫിലും സൈറാത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൂടാതെ ദേശീയ ചലച്ചിത്ര പുരസ്കാരനിര്‍ണയത്തില്‍ പ്രത്യേക ജ്യൂറി പരാമര്‍ശവും നേടി.
വിവാദങ്ങള്‍ തുടക്കം മുതല്‍ സൈറാത്തിനെ പിന്തുടര്ന്നു. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം ഇന്റര്‍നെറ്റില്‍ ചോര്‍ന്നതാണ് ഇതിലൊന്ന്. എന്നാല്‍ പ്രേക്ഷകര്‍ സൈറാത്തിനോട് കാണിച്ച ആവേശം ഇതെല്ലാം വിഫലമാക്കി. കാലിക പ്രസക്തിയുള്ള കഥ മികച്ചരീതിയില്‍ ജനങ്ങള്‍ക്ക് പ്രചോദനമാവുന്ന വിധത്തില്‍ അവതരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് അമീര്ഖാന്, റിതേഷ് ദേശ്മുഖ്, അമിതാഭ് ബച്ചന് തുടങ്ങിയവര്‍ വിലയിരുത്തുന്നത്. നിതിന്‍ കെനി, നിഖില്‍ സനെ എന്നിവരാണ് നിര്‍മ്മാതാക്കള്‍. നാഗ്രാജ് മഞ്ജുലെ, അവിനാശ് എച്ച്. ഗാഡ്ഗെ, എന്നിവരാണ് തിരക്കഥ, സംഗീത സംവിധാനം നിര്‍വ്വഹിച്ചത് അജയ് അതുലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: