റായ്ബറേലി: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ഒരു വയസുളള കുഞ്ഞിനെ അമ്മ ക്രൂരമായി തല്ലുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍. കുഞ്ഞിനെ് അമ്മ നന്നായി നോക്കുന്നില്ലെന്ന സംശയത്തെ തുടര്‍ന്ന പിതാവ് വീട്ടില്‍ സ്ഥാപിച്ച ക്യാമറയിലാണ് അമ്മയുടെ ക്രൂരത പതിഞ്ഞത്. പൂനം-ദീപക് ചതുര്‍വേദി ദമ്പതികളുടെ കുഞ്ഞാണ് ക്രൂര പീഡനത്തിനിരയായത്.
സംഭവത്തെക്കുറിച്ച് പിതാവ് പരാതി നല്‍കി. കുഞ്ഞിന്റെ ശരീരത്തില്‍ നീരും മുറിവുകളും കണ്ടതോടെയാണ് തനിയ്‌ക്ക് സംശയം തോന്നിയതെന്ന് പിതാവ് പറഞ്ഞു. അമ്മയോട് ചോദിച്ചപ്പോള്‍ വീണതാണെന്നും മറ്റും പറഞ്ഞു. തുടര്‍ന്ന് സത്യം കണ്ടെത്താനാണ് ക്യാമറ സ്ഥാപിച്ചത്. അഞ്ച് വര്‍ഷം മുമ്പാണ് പൂനം എന്ന സ്ത്രീയെ ദീപക് ചതുര്‍വേദി വിവാഹം കഴിച്ചത്.
പൂനം തന്നെ ഭര്‍ത്താവായി പരിഗണിക്കുന്നില്ലെന്നും ഇവര്‍ തന്റെയും കുഞ്ഞിന്റെയും ജീവന് ഭീഷണിയാണെന്നും ദീപക് ആരോപിക്കുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ സ്ത്രീധന പീഢനത്തെ തുടര്‍ന്ന് പൂനം നേരത്തെ തന്നെ ദീപകിന്റെ വീട് വിട്ട് പോരുന്നതാണെന്നും തങ്ങളോടൊപ്പം കഴിയുകയായിരുന്നെന്നും പൂനത്തിന്റെ പിതാവ് പറഞ്ഞു. അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് പൂനത്തെ നിരന്തരം ദീപക് ഉപദ്രവിച്ചിരുന്നതായും ഇതിനെതിരെ തങ്ങള്‍ കേസ് കൊടുത്തിട്ടുമുണ്ട്.
പൂനത്തിന് ഇയാള്‍ മയക്കുമരുന്ന് നല്‍കിയിരുന്നുവെന്നും പൂനത്തിന്റെ പിതാവ് വിഷ്ണുകാന്ത് ആരോപിക്കുന്നു. മകള്‍ മയക്കുമരുന്നിന് അടിമയാണെന്ന് വരുത്തി തീര്‍ക്കാനാണ് ഇതിലൂടെ അയാള്‍ ശ്രമിച്ചതെന്നും അദ്ദേഹം ആരോപിക്കുന്നു.
















