ന്യൂദല്‍ഹി: എട്ടും മൂന്നും വയസുള്ള പെണ്‍കുട്ടികളെ പട്ടിണിക്കിട്ടിട്ട് മാതാപിതാക്കള്‍ വീടു പൂട്ടി മുങ്ങി. വീട്ടില്‍ ആരെയും കാണാത്തതിനെത്തുടര്‍ന്ന് അയല്‍ക്കാര്‍ പരിശോധിച്ചപ്പോഴാണ് മുറിവേറ്റ്, ദേഹമാസകലം പുഴവരിച്ച്, അവശരായ കുട്ടികളെ കണ്ടത്. പോലീസ് എത്തി വാതില്‍ തകര്‍ത്ത് കുട്ടികളെ ആശുപത്രിയിലാക്കി.
തലച്ചോറിലെ അണുബാധയ്‌ക്ക് ചികില്‍സ തുടങ്ങി. കഴിഞ്ഞ ദിവസമാണ് സംഭവം. അമ്മ രണ്ടു മാസം മുന്‍പ് മകനെയും കൂട്ടി സ്ഥലം വിട്ടിരുന്നു. മദ്യപാനിയായ അച്ഛന്‍ ആഗസ്റ്റ് പതിനഞ്ചിന് വീടു പൂട്ടിപ്പോയതാണ്. പോലീസ് കുട്ടികളെ രക്ഷിച്ചത് ആഗസ്റ്റ് 19നും. ഭക്ഷണമോ കുടിവെള്ളമോ ഇല്ലാതെ മരണാസന്നരായിരുന്നു കുട്ടികള്‍. മുറിയില്‍ ദുര്‍ഗന്ധം നിറഞ്ഞിരുന്നു. സാമ്പത്തിക ബാധ്യതയെത്തുടര്‍ന്നാണ് മകനെയും കൂട്ടി അമ്മ മുങ്ങിയത്. പോലീസ് അമ്മൂമ്മയെ കണ്ടെത്തിയെങ്കിലും അവര്‍ കുട്ടികളെ ഏറ്റെടുക്കാന്‍ വിസമ്മതിച്ചു. ശിശു ക്ഷേസമിതിയുടെ ചുമതലയിലാണ് കുട്ടികള്‍.
















