ന്യൂദല്‍ഹി: സ്ഥാനാര്‍ത്ഥിയാക്കാമെന്ന് വാഗ്ദാനം നല്‍കി പ്രവര്‍ത്തകരില്‍ നിന്ന് കൈക്കൂലി വാങ്ങുന്ന വീഡിയോ ദൃശ്യം പുറത്തായതിനെ തുടര്‍ന്ന് പഞ്ചാബ് സംസ്ഥാന കണ്‍വീനറെ ആം ആദ്മി പാര്‍ട്ടി നീക്കി. കെജ്‌രിവാളിന്റെ സാനിധ്യത്തില്‍ ദല്‍ഹിയില്‍ ചേര്‍ന്ന യോഗമാണ് കണ്‍വീനര്‍ സുഛ സിങ് ഛോട്ടേപൂരിനെ നീക്കാന്‍ തീരുമാനിച്ചത്. സിങിനെ പുറത്താക്കണമെന്ന് രണ്ട് എംപിമാരും സംസ്ഥാന കമ്മറ്റിയും കെജ്‌രിവാളിനോട് ആവശ്യപ്പെട്ടിരുന്നു. സിംഗ് പണം വാങ്ങുന്ന ദൃശ്യങ്ങള്‍ പ്രവര്‍ത്തകര്‍ തന്നെയാണ് ചിത്രീകരിച്ചത്. പാര്‍ട്ടി തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് സിങ് പ്രതികരിച്ചു.
പഞ്ചാബ് പിടിക്കുമെന്ന അവകാശവാദത്തോടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച ആപ്പിന് ഇത് തിരിച്ചടിയായി. ആറ് മാസത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക എഎപി പ്രഖ്യാപിച്ചിരുന്നു.
പാര്‍ട്ടി പ്രവര്‍ത്തകരെ തഴഞ്ഞ് കെജ്‌രിവാള്‍ പൊതുസമ്മതരെ സ്ഥാനാര്‍ത്ഥിയാക്കുന്നുവെന്ന് സിങ് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. പുതിയ സംഭവം പാര്‍ട്ടിയില്‍ കലഹത്തിനും വഴിവെച്ചിട്ടുണ്ട്. കെജ്‌രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി പഞ്ചാബിലെ മുതിര്‍ന്ന നേതാവ് രംഗത്തെത്തി. കെജ്‌രിവാള്‍ എന്ന ഏകാധിപതിയുടെ പാര്‍ട്ടിയാണ് ആപ്പെന്നും സിങിനെ അപമാനിച്ച് പുറത്താക്കുന്നതിന് ആസൂത്രണം ചെയ്തതാണ് കൈക്കൂലി വീഡിയോ എന്നും എംപിയായ ഡോ. ധരംവീര്‍ ഗാന്ധി തുറന്നടിച്ചു.
സ്വന്തം നേതാവിനെ കുടുക്കാന്‍ ഒളികാമറ ഓപ്പറേഷന്‍ നടത്തുന്നത് മറ്റൊരു പാര്‍ട്ടിയിലുമുണ്ടാവില്ലെന്ന് ധരംവീര്‍ ഗാന്ധി പറഞ്ഞു. തെറ്റായ നടപടിയാണിത്. സിങ് പണം വാങ്ങിയിട്ടില്ലെന്ന് അഭിപ്രായമില്ല. കണ്‍വീനര്‍ എന്ന നിലയില്‍ പാര്‍ട്ടിയുടെ സംഭാവനകള്‍ അദ്ദേഹം വാങ്ങാറുണ്ടെന്നത് പരിഗണിക്കണം. പാര്‍ട്ടിക്ക് ട്രഷററോ ബാലന്‍സ്ഷീറ്റോ റസീപ്‌റ്റോ ഇല്ല. കഴിഞ്ഞ വര്‍ഷം പാര്‍ട്ടിക്ക് വിദേശത്ത് നിന്നുള്‍പ്പെടെ എത്ര പണം ലഭിച്ചുവെന്നതിന് കണക്ക് പോലുമില്ല. അതിനാല്‍ മുതിര്‍ന്ന നേതാക്കളാണ് ഇത്തരം അവസ്ഥയ്‌ക്ക് കാരണം. ഉപയോഗിച്ച ശേഷം വലിച്ചെറിയുകയും നശിപ്പിക്കുകയുമാണ് പാര്‍ട്ടി നേതാക്കളുടെ നയം. കെജ്‌രിവാള്‍ നിരപരാധിയെന്ന് വിശ്വസിക്കുന്നവര്‍ ഇരുട്ടിലാണെന്നും എംപി വ്യക്തമാക്കി.
















