കൊച്ചി: ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി സംസ്ഥാന ജില്ലാ ബ്രാഞ്ചുകള്‍ പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. കഴിഞ്ഞ 15 നാണ് സൊസൈറ്റി ഘടകങ്ങള്‍ പിരിച്ചുവിട്ട് സര്‍ക്കാര്‍ ഉത്തരവായത്. ഇത് നിലനില്‍ക്കുന്നതല്ലെന്നും സര്‍ക്കാരിന്റെ അധികാര പരിധിക്ക് പുറത്തുള്ള നടപടിയാണെന്നും ഹൈക്കോടതി വിലയിരുത്തി.
സൊസൈറ്റി ചെയര്‍മാനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടിയും റദ്ദാക്കി. അതത് ജില്ലാ കളക്ടര്‍മാര്‍ ഏറ്റെടുത്ത സൊസൈറ്റി രേഖകളും മറ്റും അടിയന്തരമായി തിരികെ നല്‍കാനും ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍ നിര്‍ദ്ദേശിച്ചു.
തിരുവനന്തപുരത്തെ സൊസൈറ്റി സംസ്ഥാന ഓഫീസ് രാത്രി പൂട്ട് തകര്‍ത്ത് കയറി രേഖകള്‍ എടുത്തുകൊണ്ടുപോയ മുന്‍ തിരുവനന്തപുരം ജില്ലാ കളക്ടറുടെ നടപടി വിവാദമായിരുന്നു. ജില്ലാ കളക്ടറായിരുന്ന ബിജു പ്രഭാകരന് ഐഎഎസ് ലഭിച്ചത് വ്യാജരേഖ ചമച്ചാണെന്ന് സൊസൈറ്റി ജനറല്‍ സെക്രട്ടറി ചെമ്പഴന്തി അനില്‍ കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കിയതിലെ വിരോധമാണ്, ഓഫീസ് കുത്തി തുറന്ന് രേഖകള്‍ മഹസ്സര്‍ തയ്യാറാക്കാതെ കടത്തിക്കൊണ്ട് പോയതിന് പിന്നിലെന്ന് റെഡ്‌ക്രോസ് ഭാരവാഹികള്‍ അന്നുതന്നെ പരാതി ഉന്നയിച്ചിരുന്നു.
സര്‍ക്കാരിന്റെ അസഹിഷ്ണുതയ്‌ക്ക് ലഭിച്ച കനത്ത പ്രഹരമാണ് വിധിയെന്ന് സൊസൈറ്റി ചെയര്‍മാന്‍ സുനില്‍ സി. കുര്യന്‍ പ്രതികരിച്ചു. ബിജു പ്രഭാകരനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.തിരുവനന്തപുരം ജില്ലാ കളക്ടര്‍ സംസ്ഥാന ശാഖയുടെയും ജില്ലാ കളക്ടര്‍മാര്‍ അതതിടത്തെ ശാഖകളുടെയും അഡ്മിനിസ്‌ട്രേറ്റര്‍മാരായിരുന്നു.
റെഡ്‌ക്രോസ് ഭരണസമിതി അംഗം സി. ഭാസ്‌കരന്‍, സാമ്പത്തികക്രമക്കേടുകളെപ്പറ്റി രാഷ്‌ട്രപതിക്കു പരാതി നല്‍കിയിരുന്നുവെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തി. ഇത് രാഷ്‌ട്രപതി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് നല്‍കിയിരുന്നു. സംസ്ഥാനമാകട്ടെ, ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. ഇതേത്തുടര്‍ന്നാണ് ചെയര്‍മാനെയും അംഗങ്ങളെയും പുറത്താക്കിയതെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍, സര്‍ക്കാരിന് ഇടപെടാന്‍ അധികാരമില്ലെന്ന്, ഹൈക്കോടതി കണ്ടെത്തി.
















