ഭോപ്പാല്‍: മധ്യപ്രദേശിലെ തിക്കംഗറിലുള്ള സൗരഭ് ബില്‍ഗയ്യാന് പട്ടാള ജോലി പോയത് പച്ചകുത്തിയതിന്റെ പേരില്‍. അതും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് ചൗഹാന്റെയും അപദാനങ്ങള്‍ പച്ചകുത്തിയതിന്.
കായികമികവും അഭിമുഖവുമൊന്നുമല്ല സൗരഭിവിന് അവസാന റൗണ്ടില്‍ ജോലി നഷ്ടപ്പെടാന്‍ കാരണമായത്. പൂനെയിലായിരുന്നു സൈന്യത്തിലേക്കുള്ള ആദ്യപരീക്ഷകള്‍. അവിടെ തോറ്റില്ല. രണ്ടാമത്തേത് അനുപ്പൂരിലെ ഗുണാ ആര്‍മി ക്യാമ്പിലായിരുന്നു. അതിലും വിജയിച്ചു. അപ്പോഴാണ് പച്ചകുത്തിയത് ഉദ്യോഗസ്ഥരുടെ കണ്ണിപ്പെട്ടത്. അതോടെ സൗരഭ് പുറത്ത്.
സൂര്യചന്ദ്രമാര്‍ എത്രനാള്‍ ഉണ്ടാകുമോ അത്രയും കാലം മോദിയുടെയും ശിവ്‌രാജിന്റെയും പേരും നിലനില്‍ക്കുമെന്നായിരുന്നു സൗരഭ് നെഞ്ചത്ത് പച്ച കുത്തിപ്പിടിപ്പിച്ചത്. ഈയൊരു കാര്യത്തിന് ജോലി പോയത് രണ്ടു നേതാക്കളെയും നേരില്‍ക്കണ്ട് ബോധിപ്പിക്കാനൊരുങ്ങുകയാണ് ഈ യുവാവ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പോടെയാണ് മോദി സൗരഭിന്റെ ഹീറോകളില്‍ ഒന്നാമതായത്.
















