ന്യൂദൽഹി: സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനിയുടെ രഹസ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ഏറെ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ചോർന്ന രേഖകളിൽ അന്തര്‍വാഹിനിയിലെ ആയുധങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നുമില്ലെന്ന് അദേഹം അറിയിച്ചു.
ഫ്രഞ്ച് ആയുധവിഭാഗം ഡയറക്ടര്‍ ജനറല്‍ നല്‍കുന്ന റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണെന്ന് മനോഹർ പരീക്കർ പറഞ്ഞു. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കപ്പെട്ടവയില്‍ നാം ആശങ്കാകുലരാകേണ്ട ആവശ്യമില്ല, ഭാരതം എല്ലാ വിധ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്‌ടെന്നും പരീക്കര്‍ പറഞ്ഞു. സംഭവത്തില്‍ കരാര്‍ പ്രകാരമുള്ള ശിക്ഷാനടപടികള്‍ ഉണ്ടാകുമെന്ന് അറിയിച്ച അദ്ദേഹം രഹസ്യങ്ങള്‍ ചോര്‍ന്നത് മനപൂര്‍വം സംഭവിച്ചതല്ലെന്നും പറഞ്ഞു.
ദി ഓസ്‌ട്രേലിയന്‍ പത്രമാണ് ഫ്രഞ്ച് സഹായത്തോടെ ഭാരതം നിര്‍മിക്കുന്ന സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികളെപ്പറ്റിയുള്ള രഹസ്യരേഖകള്‍ പുറത്തുവിട്ടത്.
















