ന്യൂദല്‍ഹി: ഭാരതത്തിന് വേണ്ടത് അതിവേഗത്തിലുള്ള മാറ്റമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നീതി ആയോഗിന്റെ ആദ്യ വാര്‍ഷിക പ്രഭാഷണമായ ‘ട്രാന്‍സ്‌ഫോര്‍മിങ് ഇന്ത്യ’ എന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രമേണയുള്ള പരിണാമമല്ല ഭാരതത്തിന് ആവശ്യം. പകരം അതിവേഗത്തിലുള്ള മാറ്റമാണ് വേണ്ടത്. അതാണ് ഭാരതം ലക്ഷ്യം വയ്‌ക്കുന്നതെന്നും മോദി പറഞ്ഞു. അത്തരത്തിലുള്ള ലക്ഷ്യത്തിനായി നമ്മുടെ നിയമങ്ങളില്‍ മാറ്റം വരണം, അനാവശ്യ നടപടിക്രമങ്ങള്‍ ഒഴിവാക്കണം, കൂടാതെ നടപടികള്‍ വേഗത്തിലാക്കണമെന്നും മോദി നിര്‍ദ്ദേശിച്ചു.
ഭരണ പരിവര്‍ത്തനം വഴി മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന് പറഞ്ഞ മോദി എന്നാല്‍ 19-ാം നൂറ്റാണ്ടിലെ ഭരണവ്യവസ്ഥ കൊണ്ട് അത് സാധ്യമാകില്ലെന്നും ഓര്‍മ്മിപ്പിച്ചു. മനസ്ഥിതിയില്‍ മാറ്റങ്ങള്‍ വന്നാല്‍ മാത്രമേ ഭരണത്തില്‍ മാറ്റങ്ങള്‍ വരുകയുള്ളു. മനസ്ഥിതിക്ക് മാറ്റമുണ്ടാകണമെങ്കില്‍ ചിന്തകളില്‍ വ്യതിയാനമുണ്ടാകണം- മോദി കൂട്ടിച്ചേര്‍ത്തു.
30 വര്‍ഷങ്ങള്‍ക്കു മുന്‍പ് പരിഹാരം കണ്ടെത്താന്‍ സ്വയം ഉള്ളിലേക്കുതന്നെയാണ് രാജ്യങ്ങള്‍ നോക്കിയിരുന്നത്. എന്നാല്‍ ഇന്നു പരസ്പരം ബന്ധപ്പെട്ടും കൈത്താങ്ങായുമാണു രാജ്യങ്ങള്‍ വര്‍ത്തിക്കുന്നത്. എല്ലാരാജ്യത്തിനും അവരുടേതായ ശക്തിയും പരിചയവും വിഭവസമ്പത്തുമുണ്ട്, മോദി ചൂണ്ടിക്കാട്ടി.
ചടങ്ങില്‍ സിംഗപ്പൂര്‍ ഉപപ്രധാനമന്ത്രി തര്‍മാന്‍ ശണ്‍മുരുഗ രത്‌നവും പങ്കെടുത്തു. കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങി 1,400ല്‍ അധികം പേര്‍ ചടങ്ങില്‍ സംബന്ധിച്ചു.
















