ന്യൂദല്‍ഹി: ഭാരത ആകാശ അതിര്‍ത്തിയില്‍ വിമാന യാത്രക്കാര്‍ക്ക് വൈ-ഫൈയും മൊബൈല്‍ കാള്‍ സൗകര്യവും അനുവദിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ആര്‍.എന്‍. ചൗബേ പറഞ്ഞു. പത്ത് ദിവസത്തിനുള്ളില്‍ ഇതുസംബന്ധിച്ചുള്ള പ്രഖ്യാപനമുണ്ടാകും.
സുരക്ഷാകാരണങ്ങളാല്‍ വിമാനയാത്രക്കാര്‍ക്ക് ഇപ്പോള്‍ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റ് സൗകര്യവും ഉപയോഗിക്കുവാന്‍ അനുമതിയില്ല. ഇതിനാണ് മാറ്റം വരാന്‍ പോകുന്നത്. വിവരങ്ങള്‍ കൈമാറുന്നത് നിരീക്ഷിക്കാനുള്ള സാങ്കേതികവിദ്യ സുരക്ഷാ ഏജന്‍സികള്‍ക്ക് നല്‍കും.
ഇതിനിടെ ഭാരത റെയില്‍വേ ഗ്രാമീണ സ്റ്റേഷനുകളിലും സമീപ പ്രദേശങ്ങളിലും സൗജന്യ വൈ-ഫൈ സൗകര്യം ലഭ്യമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഫെയ്‌സ്ബുക്കമായി ആരംഭിച്ചിട്ടുണ്ട്. പരീക്ഷണാര്‍ഥം രാജ്യത്തെ ഗ്രാമീണ മേഖലയിലെ 125 കേന്ദ്രങ്ങളില്‍ വൈ-ഫൈ സര്‍വ്വീസ് ആരംഭിച്ചിരുന്നു. റെയില്‍വേയുടെ ടെലി വിഭാഗവും ഫെയ്‌സ്ബുക്കും സംയുക്തമായിട്ടാണ് പദ്ധതി നടപ്പാക്കുക. രാജ്യത്തെ നൂറ് റെയില്‍വേ സ്റ്റേഷനിലെങ്കിലും വൈ-ഫൈ സൗകര്യം ഏര്‍പ്പെടുത്തുവാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.
















