ന്യൂദല്‍ഹി: തെലങ്കാന ഉപമുഖ്യമന്ത്രി മുഹമ്മദ് മഹ്മൂദ് അലിക്ക് റിയോ ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവ് പിവി സിന്ധുവിന്റെ മറുപടി.
പുല്ലല ഗോപിചന്ദ് നല്ല പരിശീലകനാണെങ്കിലും അതിലും മികച്ച പരിശീലകനെ സിന്ധുവിനായി കണ്ടെത്തുമെന്നായിരുന്നു മഹ്മൂദ് അലിയുടെ പ്രസ്താവന. ഇതിന് മറുപടിയുമായാണ് സിന്ധു രംഗത്ത് വന്നിരിക്കുന്നത്.
ഗോപിചന്ദ് തന്നെയാണ് മികച്ച കോച്ചായി തനിക്ക് തോന്നിയിട്ടുള്ളതെന്ന് പറഞ്ഞാണ് 21 വയസുകാരി സിന്ധു തന്റെ നിലപാട് വ്യക്തമാക്കിയത്.
രാജ്യത്തിനായി ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരമാണ് സിന്ധു.
ഒളിമ്പിക് മത്സരങ്ങളില്‍ ലോക രണ്ടാം നമ്പര്‍ താരം വാങ് യിഹാനെയും ലോക ആറാം നമ്പര്‍ താരം നോസോമി ഒകുഹാരയേയും പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനലിലെത്തിയത്. അവസാന മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ താരം കരോലിന മരിനോട് പരാജയപ്പെട്ടെങ്കിലും രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തി പിടിക്കുന്ന പ്രകടനം കാഴ്‌ച്ചവച്ച് സിന്ധു വെള്ളി മെഡല്‍ സ്വന്തമാക്കുകയായിരുന്നു.
















