ശ്രീനഗര്‍: ജമ്മു കശ്മീരിലേക്ക് സര്‍വകക്ഷി സംഘത്തെ അയയ്‌ക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. കശ്മീര്‍ സംഘര്‍ഷത്തില്‍ ചര്‍ച്ചയ്‌ക്ക് സര്‍ക്കാര്‍ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കശ്മീരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്‌ബൂബ മുഫ്‌തിയുമായി നടത്തിയ കൂടിക്കഴ്ചയ്‌ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി.
വളരെ ശക്തമായ ഭാഷയിലാണ് രാജ്‌നാഥ് സിംഗ് സംസാരിച്ചത്. ഇതാദ്യമായാണ് രണ്ട് തവണ ഒരു കേന്ദ്ര ആഭ്യന്തരമന്ത്രി കശ്മീര്‍ സന്ദര്‍ശിക്കുന്നതെന്ന് പറഞ്ഞ രാജ്‌നാഥ് സിംഗ് യുവാക്കളെയും കുട്ടികളെയുമൊക്കെ ഈ സമരത്തിലേക്ക് തള്ളിവിടാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും പറഞ്ഞു. യുവാക്കള്‍ക്ക് വേണ്ടി ഒരു നോഡല്‍ ഓഫീസറെ ശ്രീനഗറില്‍ നിയമിക്കും. യുവാക്കള്‍ക്ക് കശ്മീരിലുള്ള പ്രശ്നങ്ങള്‍ ഈ നോഡല്‍ ഓഫീസറെ അറിയിക്കാം. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നോഡല്‍ ഓഫീസര്‍ തീരുമാനിക്കുമെന്നും രാജ്‌നാഥ് സിംഗ് അറിയിച്ചു.
ഭാരതത്തിന്റെ ഭാവിയെക്കുറിച്ച് ആലോചിക്കുമ്പോള്‍ ജമ്മു കശ്മീരിനെ മാറ്റി നിര്‍ത്തി ഒന്നും ആലോചിക്കാനാവില്ല. ഇത്തരമൊരു സാഹചര്യത്തില്‍ താഴ്‌വരയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ എല്ലാം ചെയ്യാം. ചര്‍ച്ചകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ തയാറാണ്. എന്നാല്‍ അക്രമത്തിന്റെ പാതയിലേക്കാണ് പലരും തിരിയുന്നതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
കശ്മീരിലെ 95 ശതമാനം ജനങ്ങളും സമാധാനം ആഗ്രഹിക്കുന്നവരാണെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്‌ബൂബ മുഫ്‌തി പറഞ്ഞു. എന്നാല്‍ അഞ്ച് ശതമാനം പേര്‍ സമാധാനത്തെ എതിര്‍ക്കുന്നു. ഇവര്‍ കുട്ടികളെ കവചമാക്കി ആക്രമണം നടത്തുകയാണ്. ഇതിനെതിരെ ശക്തമായ നിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.
ഇരുപതിലധികം പാര്‍ട്ടികളിലെ പ്രതിനിധികളുമായി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു. പൗരസമൂഹവുമായും അദ്ദേഹം ചര്‍ച്ചകള്‍ നടത്തിയിരുന്നു. കശ്മീരിയാണെന്ന് വിശ്വസിക്കുന്ന, സഹാനുഭൂതിയുള്ള, ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആരുമായും ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ വാക്കുകള്‍ ഉദ്ധരിച്ച് രാജ്‌നാഥ് വ്യക്തമാക്കിയിരുന്നു.
സന്ദര്‍ശനത്തിന് മുന്നോടിയായി ദല്‍ഹിയില്‍ വച്ച് വിവിധ വിഭാഗങ്ങളുമായി ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഏതാനും ദിവസം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസ്ഥാനത്തെ പ്രതിപക്ഷ കക്ഷികള്‍ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് ആഭ്യന്തരമന്ത്രി വീണ്ടും കശ്മീര്‍ സന്ദര്‍ശിച്ചത്.
















