പത്തനാപുരം: പുന്നലയില്‍ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ബാലഗോകുലം പ്രവര്‍ത്തകര്‍ക്ക് നേരെ ഡിവൈഎഫ്‌ഐ ആക്രമണം.
ബാലഗോകുലം ഭാരവാഹികളായ അജേഷ്, വിഷ്ണു, ജദീഷ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഡിവൈഎഫ്‌ഐ പുന്നല വില്ലേജ് സെക്രട്ടറി അകേഷിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇവരുടെ നേതൃത്വത്തില്‍ കൊടിതോരണങ്ങള്‍ നശിപ്പിക്കുകയും കമാനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. അകേഷിനെ പത്തനാപുരം പോലീസ് അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച രാത്രി പതിനൊന്നിനാണ് സംഭവം. പുന്നല ജംഗ്ഷനില്‍ ബാലഗോകുലം പ്രവര്‍ത്തകര്‍ കൊടിത്തോരണങ്ങള്‍ കെട്ടിയലങ്കരിക്കുന്നതിനിടെ മൂന്ന് ബൈക്കുകളിലായി എത്തിയ ഡിവൈഎഫ്‌ഐ സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു. ‘ഇവിടെ ശ്രീകൃഷ്ണ ജയന്തിയൊന്നും നടത്തണ്ട എന്ന് ആക്രോശിച്ചായിരുന്നു ഡിവൈഎഫ്‌ഐക്കാരുടെ ആക്രമണം.
മദ്യലഹരിയിലാണ് സംഘം ആക്രമണം നടത്തിയത്. ബാലഗോകുലം പ്രവര്‍ത്തകര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പത്തനാപുരം എസ്‌ഐ രാന്നു. ഇതിനിടെയാണ് പുന്നല പടയണിപ്പാറ സ്വദേശി അഖേഷ് (21) പോലീസിന്റെ പിടിയിലാകുന്നത്. സംഭവത്തില്‍ പത്തനാപുരം പോലീസ് കേസെടുത്തു. രണ്ടാഴ്‌ച്ചയ്‌ക്ക് മുന്‍പ് പ്രദേശത്ത് സംഘര്‍ഷം നടത്തുകയും വാഹനം അടിച്ചുതകര്‍ക്കുകയും ചെയ്ത സംഘത്തിലുള്ളവരാണ് പ്രതികളെന്ന് പോലീസ് പറയുന്നു. നാളുകളായി പ്രദേശത്ത് വ്യാപകആക്രമണമാണ് സിപിഎം-ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ നടത്തുന്നത്. അകേഷിനെ കൂടാതെ പുന്നല സ്വദേശികളായ മെഹജാബ്, രാജീവ്, ഇന്ദുരാജ്, പ്രവീണ്‍, രാജേഷ് എന്നിവരാണ് ഗുണ്ടാസംഘത്തിലുണ്ടായിരുന്നത്. ഇനിയും ആക്രമണം ഉണ്ടാകുമെന്ന ഇന്റലിജന്റ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വന്‍ പോലീസ് സന്നാഹമാണ് ഇപ്പോഴും ക്യാമ്പ് ചെയ്യുന്നത്. സംഭവസ്ഥലം ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് പി.അനില്‍കുമാര്‍, ജില്ലാ സമ്പര്‍ക്കപ്രമുഖ് അജിത്ത്, ബാലഗോകുലം ജില്ലാകാര്യദര്‍ശി ജി.ബാഹുലേയന്‍, താലൂക്ക് കാര്യവാഹക് ആര്‍.ശംഭു എന്നിവര്‍ സന്ദര്‍ശിച്ചു.
പരിക്കേറ്റ ബാലഗോകുലം പ്രവര്‍ത്തകര്‍ പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് പുന്നലയില്‍ സംഘപരിവാര്‍ നേതൃത്വത്തില്‍ ഇന്ന് പ്രകടനം നടക്കും.
















