
തലശ്ശേരി: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ നടന്ന ജന്മാഷ്ടമി ശോഭായാത്ര തലശ്ശേരി നഗരത്തെ അമ്പാടിയാക്കി. ശോഭായാത്രയുടെ ശോഭ കുറക്കാന്‍ സിപിഎം നടത്തിയ ചട്ടമ്പിസ്വാമി ജന്മദിന പരിപാടി ആരാധ്യനായ സ്വാമിജിയെ അപമാനിക്കുന്ന തരത്തിലാവുകയും ചെയ്തു. സിപിഎമ്മിന്റെ ആവനാഴിയിലെ അമ്പുകളൊന്നും ബാലഗോകുലത്തിന്റെ ശോഭായാത്രയുടെ മാറ്റു കുറക്കാന്‍ പര്യാപ്തമായില്ല. മറിച്ച് തലശ്ശേരി നഗരം കണ്ടതില്‍വെച്ച് ഏറ്റവും വലിയ ജനമുന്നേറ്റമാണ് ശോഭായാത്രയില്‍ ഇന്നലെ അണിനിരന്നത്. ശോഭായാത്രയില്‍ പങ്കെടുത്തതിന്റെ പതിന്മടങ്ങ് ജനങ്ങള്‍ ശോഭായാത്ര കടന്നുപോയ റോഡിനിരുവശവും ഭക്ത്യാദരപൂര്‍വ്വം നിലയുറപ്പിച്ച് വഴിനീളെ പുഷ്പവൃഷ്ടി നടത്തി. ഹൈന്ദവ പുരാണ ഗ്രന്ഥങ്ങളിലെ ആരാധ്യരായ ദേവീദേവന്‍മാരുടെ വേഷമണിഞ്ഞ് നൂറുകണക്കിന് ബാലഗോകുലാംഗങ്ങള്‍ റോഡു നിറയെ കളിച്ചും ചിരിച്ചും ഭജനകീര്‍ത്തനങ്ങളാലപിച്ചും ശോഭായാത്രക്ക് മനോഹാരിത പകര്‍ന്നു.
ഇന്നലെ വൈകുന്നേരം 4 മണിയോടെ തിരുവങ്ങാട് ക്ഷേത്ര പരിസരത്തുനിന്നാരംഭിച്ച് മഞ്ഞോടി, ചിറക്കര വഴിയും തലായി ശ്രീ കൂര്‍മ്പ ഭഗവതിക്ഷേത്ര പരിസരത്തു നിന്നാരംഭിച്ച് മെയിന്‍ റോഡ്, മല്ലര്‍ റോഡ് വഴിയും വീനസിനടുത്ത് കൂവക്കാട് ഭഗവതിക്ഷേത്ര പരിസരത്തുനിന്നാരംഭിച്ച് കുയ്യാലി, ഗുഡ്‌സ്‌ഷെഡ്ഡ് റോഡ് വഴിയും എത്തിയ മൂന്ന് ശോഭായാത്രകള്‍ തലശ്ശേരി ഫ്‌ളൈ ഓവര്‍ ജംഗ്ഷനില്‍ സംഗമിച്ച് മഹാശോഭായാത്രയായി ഒ.വി റോഡ്, ആശുപത്രി റോഡ്, ലോഗന്‍സ് റോഡ് വഴി ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. മുഴപ്പിലങ്ങാട് കൂടക്കടവില്‍ നിന്നാരംഭിച്ച ശോഭായാത്ര ശ്രീ കൂര്‍മ്പ ഭഗവതിക്ഷേത പരിസരത്തും ധര്‍മ്മടം കലാമന്ദിരത്തിനടുത്ത് നിന്നാരംഭിച്ച ശോഭായാത്ര കോറണേഷന്‍ ബാലഗോപാല മഠത്തിലും എരഞ്ഞോളി വാടിയില്‍പ്പീടികയില്‍ നിന്നാരംഭിച്ച ശോഭായാത്ര കതിരൂര്‍ സൂര്യനാരായണ ക്ഷേത്ര പരിസരത്തും സമാപിച്ചു.
















