സിയോള്‍: യുഎന്‍ രക്ഷാ സമിതിയുടെ നിയന്ത്രണങ്ങള്‍ ലംഘിച്ച് അന്തര്‍ വാഹിനിയില്‍ നിന്ന് ഉത്തര കൊറിയ ആണവ മിസൈല്‍ പരീക്ഷണം നടത്തി. സിപ്പോ പ്രവിശ്യാ തീരത്തുനിന്നാണ് കെഎന്‍-11 മിസൈല്‍ വിക്ഷേപിച്ചതെന്ന് ദക്ഷിണ കൊറിയന്‍ സേനാ വക്താവ് വെളിപ്പെടുത്തി. ജപ്പാനിലെ കടലില്‍ വീഴുംമുമ്പ് മിസൈല്‍ 500 കിലോമീറ്റര്‍ സഞ്ചരിച്ചു. ബുധനാഴ്ച പുലര്‍ച്ചയാണ് വിക്ഷേപണം നടന്നതെന്നും വിജയകരമായിരുന്നെന്നും ഉത്തര കൊറിയ അവകാശപ്പെട്ടു.
ജപ്പാന്‍, ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ വിദേശ മന്ത്രിമാരുടെ യോഗം ജപ്പാനില്‍ നടക്കുന്നതിനിടയിലാണ് ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം. രാജ്യാന്തര നിയമങ്ങളെ വെല്ലുവിളിച്ചുള്ള മിസൈല്‍ പരീക്ഷണങ്ങള്‍ക്കെതിരെ അമേരിക്ക, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്.
















