മെക്‌സിക്കോ സിറ്റി: മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക് പേന നീറ്റോ കോപ്പിയടിക്കേസില്‍ കുടുങ്ങി. 91ല്‍ ബിരുദം നേടാന്‍ നീറ്റോ സമര്‍പ്പിച്ച നിയമ പ്രബന്ധത്തിന്റെ വലിയൊരു ഭാഗം കട്ടെടുത്തതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മെക്‌സിക്കന്‍ പത്രങ്ങളില്‍ ഇത് വലിയ വാര്‍ത്തയാണ്. ‘മെക്‌സിക്കന്‍ പ്രസിഡന്‍ഷ്യലിസവും അല്‍വരോ ഒബ്‌റഗോണും’ എന്ന 200 പേജ് പ്രബന്ധത്തിലെ 682 ഖണ്ഡികകളില്‍ 197 എണ്ണം കോപ്പിയടിച്ചതാണ്.
പത്രപ്രവര്‍ത്തക കാര്‍മെന്‍ ആര്‍ട്ടിസ്റ്റഗീയുടെ വെബ് സൈറ്റിലാണ് ഇക്കാര്യം ആദ്യം വന്നത്. നീറ്റോയുടെ ഭാര്യ ഒരു സര്‍ക്കാര്‍ കരാറുകാരനില്‍ നിന്ന് ആഡംബര വീട് സ്വന്തമാക്കാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും ലേഖിക വെളിപ്പെടുത്തിയിരുന്നു. കാസാ ബ്‌ളാങ്ക അഴിമതി സംബന്ധിച്ച വെളിപ്പെടുത്തല്‍ നീറ്റോയ്‌ക്ക് വലിയ തിരിച്ചടിയായിരുന്നു. അതിനു പിന്നാലെയാണ് കോപ്പിയടി പുറത്തുവന്നത്.
ശൈലിയില്‍ വന്ന തെറ്റാണെന്നാണ് കോപ്പിയടിയെപ്പറ്റി സര്‍ക്കാര്‍ വക്താവ് പ്രതികരിച്ചത്. പാന്‍ അമേരിക്കന്‍ സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം നേടാന്‍ വേണ്ടതെല്ലാം നീറ്റോ നേടിയിട്ടുണ്ടെന്നും വക്താവ് പറയുന്നു.
















