നിശ്ശബ്ദ സിനിമയുടെ കാലമായിരുന്നു ലോകമെമ്പാടും ആദ്യപാദം. ലോകസിനിമയിലെ ശ്രദ്ധേയങ്ങളായ ആദ്യ നിശ്ശബ്ദ ചിത്രങ്ങളെക്കുറിച്ച് മുന്‍പേ സൂചിപ്പിച്ചു.
നിശ്ശബ്ദ സിനിമകള്‍ ഒരു പ്രത്യേക ജനുസ്സിലുള്ള അഭിനയം ആവശ്യപ്പെട്ടിരുന്നു. ആംഗ്യവിക്ഷേപങ്ങള്‍ കൊണ്ടും ഭാവപ്രതിഭവങ്ങള്കൊണ്ടും വേണം മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കുവാനും വൈകാരികാംശം പങ്കിടുവാനും. എന്നാല്‍ മൈമിങ്ങായി മാറുകയുമരുത്. നിശ്ശബ്ദ സിനിമയ്ക്കും താരങ്ങളുണ്ടായിരുന്നു. അക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയനായത്, ഇപ്പോഴും പുനരോര്മ്മയില് അതേ ഗരിമയില്‍ തുടരുന്നത് ചാര്‍ളി ചാപ്ലിന് തന്നെ.
പാഷന് ഓഫ് ജോവന് ആര്‍ക്ക് (Passion of Joan of Ark) എന്ന ചിത്രം സമീപദൃശ്യങ്ങളുടെ തുടര്‍ച്ചകൊണ്ട് പുതിയൊരു ഭാവപ്രപഞ്ചം തന്നെ തീര്‍ത്തു. ആ ചിത്രത്തില്‍ ജോവനെ അവതരിപ്പിച്ച അഭിനേത്രി ഒരേക ചിത്ര അദ്ഭുതമായിരുന്നുവെങ്കിലും അവരുടെ അഭിനയം ഇന്നും ഉത്തമാഭിനയത്തിന് ഏറ്റവും നല്ല മാതൃകയാണ്. മതാധിപത്യത്തിന്റെ ക്രൂരതകള്‍ക്കെതിരെ ഉണരുന്ന സമൂഹത്തിന്റ കഥ പറഞ്ഞതിനാലാകാം ചിത്രം നിരോധിയ്ക്കപ്പെട്ടു. നെഗറ്റീവുകളും കൈയില്‍ കിട്ടിയ പ്രിന്റുകളും എല്ലാം നശിപ്പിക്കപ്പെട്ടു.
വര്‍ഷങ്ങള്‍ക്കുശേഷം ഒരു സ്വകാര്യ ശേഖരത്തില്‍നിന്നും ഒരു പ്രിന്റ് കണ്ടെത്തി അതില്‍നിന്നും നെഗറ്റീവ് പുതുതായുണ്ടാക്കിയാണ് ചിത്രം വീണ്ടെടുത്തത്. അപ്പോഴേക്കും സിനിമ ശബ്ദയുഗത്തിലെത്തിയിരുന്നു. പശ്ചാത്തല സംഗീതം ഇടചേര്ത്തിട്ടാണ് ചിത്രം പുനഃപ്രദര്ശനത്തിനെത്തിയത്. അതിനവര്‍ അവലംബിച്ചതാവട്ടെ അള്‍ത്താര സംഗീതവും. മതാധ്യക്ഷന്മാര് ഇടപെട്ട് ഇല്ലാതാക്കുവാന്‍ ശ്രമിച്ച ഒരു കലാസൃഷ്ടിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ഈ അകമ്പടിയോടെയായതില് കാലം ഒരു കാവ്യനീതി ഉള്വേശിപ്പിക്കുന്നു.
സിനിമയുടെ ചരിത്രത്തില്‍ ഇതിനു മുന്‍പും കാലം ഇത്തരം കാവ്യനീതികള്‍ നിവര്‍ത്തിച്ചിട്ടുണ്ട്. സിനിമയുടെ കടന്നുവരവിനെ ഒട്ടും ആഹ്ലാദത്തോടെയല്ല മതവ്യവസ്ഥിതിയും അധികാരകേന്ദ്രങ്ങളും നോക്കിക്കണ്ടത്. യന്ത്രവല്കൃതകല എന്ന ആഢ്യവര്‍ഗത്തിന്റെ നിന്ദയ്ക്ക് പരിഹാരമാകുവാന്‍ പെരുമ നേടിയ സാഹിത്യകൃതികള്‍ക്ക് ചലച്ചിത്ര ഭാഷ്യമൊരുക്കി ആ ഗരിമയുടെ പങ്കുപറ്റുവാന്‍ സിനിമ ശ്രമിച്ചു.
നാളെ അപകടകരമായേക്കാവുന്ന ഒരു പ്രകാശന മാധ്യമമായാണ് അധികാരികള്‍ സിനിമയെ കണ്ടത്. മതപക്ഷത്തിന്റെ കാഴ്ചപ്പാടില്‍ സിനിമ ചെകുത്താന്റെ കലയായിരുന്നു; ഇരുട്ടത്തെടുത്തു വെട്ടത്തു കാണിക്കുന്ന സാത്താന്റെ മായക്കാഴ്ച! ചിത്രീകരണത്തിന് പ്രകാശം വേണമല്ലോ; പ്രദര്‍ശനവേളയില്‍ ഇരുട്ടും. അതെ ചൊല്ലിയായിരുന്നു ഈ അസംബന്ധ പ്രസ്താവം. സത്യവിശ്വാസികള്‍ ആരും സിനിമ കാണരുത്; ഈ പാപത്തിന്റെ വിളയാട്ടം കണ്ട് ഇടര്ച്ചപ്പെടരുതെന്നായിരുന്നു ബോധനം. പക്ഷെ അത്തരം അബദ്ധ ജല്പ്പനങ്ങളുടെ വായ കൃത്യമായി അടയ്ക്കുവാന്‍ ജോസഫ് പാഥേ എന്ന നിര്‍മാതാവിന് കഴിഞ്ഞു. പാഥേ ക്രിസ്തുവിന്റെ ജീവിതം സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി സിനിമയാക്കി; Life of christ. ക്രിസ്തുവിന്റെ കഥ പറയുന്ന സിനിമ കാണരുതെന്നു വിലക്കുവാന്‍ മതാധികാരികള്‍ക്കു നാവുയര്‍ന്നില്ല!
1904 ല്‍ ബോംബെയിലെ ടൂറിങ് സിനിമാ കമ്പനി തിയറ്ററില്‍ ഈ നിശ്ശബ്ദ ചിത്രം പ്രദര്ശനത്തിനെത്തിയപ്പോള് ഒരു യുവാവ് ഈ സിനിമ കാണുവാനിടയായി. ചിത്രം അയാളെ ഹഠാദാകര്‍ഷിച്ചു. അയാള്‍ അത് പലകുറി കണ്ടു. അതില്‍നിന്നും സിനിമയുടെ ബാലപാഠം പഠിച്ചു. ഇംഗ്ലണ്ടില്‍ വാള്‍ട്ടണില്‍ സെസില്‍ ഹെപ്വര്ത്തില് പോയി തുടര്‍പാഠങ്ങള്‍ കണ്ടും ചോദിച്ചുമറിഞ്ഞു, ഒരു ക്യാമറയും വാങ്ങി നാട്ടിലെത്തി. ആദ്യം ഹ്രസ്വചിത്രങ്ങള്‍ നിര്‍മിച്ചു.
പിന്നെ അതിന്റെ തുടര്‍ച്ചയില്‍ രാജ്യത്തെ ആദ്യത്തെ ഫീച്ചര്‍ ചിത്രമായ രാജാഹരിശ്ചന്ദ്ര നിര്‍മിച്ചു. ആ യുവാവായിരുന്നു ദുണ്ഡിരാജ് ഗോവിന്ദ് ഫാല്‍ക്കെ. ഭാരതീയ സിനിമയിലെ പരമോന്നത വ്യക്തി ബഹുമതി അറിയപ്പെടുന്നത് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് എന്ന പേരിലാണ്.
പാരീസില്‍ 1895 ഡിസംബര്‍ 28 ന് പിറവി കുറിച്ച സിനിമ ഏഴുമാസത്തിനുള്ളില്‍ അന്ന് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കീഴിലുള്ള കോളനി രാജ്യം മാത്രമായ ഭാരതത്തിലും പ്രദര്‍ശനത്തിനെത്തി. ബോംബെയിലെ വാട്ട്സന് ഹോട്ടലിലായിരുന്നു ആദ്യ പ്രദര്‍ശനം. കമ്പനിയുടെ പ്രതിനിധികളാണ് അതേകോപിപ്പിച്ചത്.
1896 ജൂലൈ 7 ലെ ടൈംസ് ഓഫ് ഇന്ത്യ ബോംബയില്‍ പുറത്തിറങ്ങിയത് ആദ്യ ചലച്ചിത്ര പരസ്യവും പേറിക്കൊണ്ടായിരുന്നു. നാലുപ്രദര്ശനങ്ങളുണ്ടായിരുന്നു ആദ്യ ദിവസം. ഒരു രൂപ (അന്നത്തെ, 1896 ലെ)യായിരുന്നു പ്രവേശന ഫീ. ജൂലൈ 16 മുതല്‍ നോവല്‍റ്റി തിയേറ്ററിലേക്ക് റഗുലര്‍ പ്രദര്‍ശനം മാറ്റി. Entry of Cinemathographe, Arrival of a Train, The Sea Bath, A Demolition, Leaving the Factory, Ladies and soldiers on wheels എന്നീ ചിത്രങ്ങളാണ് പാക്കേജിലുണ്ടായിരുന്നത്.
ആദ്യമായി ഒരു ഹ്രസ്വചിത്രം ഭാരതത്തില്‍ നിര്‍മിക്കുന്നത് കൊല്‍ക്കത്തയിലാണ്. പേര്‍ഷ്യയുടെ പുഷ്പം, The Flower of Persia 1898 ഫെബ്രുവരി 9 ന് സ്റ്റാര്‍ തിയറ്ററിലായിരുന്നു പ്രദര്‍ശനം. 1899 ല്‍ സാവെദാത എന്ന ഹരിഷ്ചന്ദ്ര സഖാറാം ഭട്വരേക്കര് ബോംബെയിലെ ഹാംങ്ങിങ് ഗാര്‍ഡനില്‍ അരങ്ങേറിയ ഒരു ഗുസ്തി മത്സരം ചിത്രീകരിച്ചു. അന്നത്തെ പ്രശസ്ത ഗുസ്തിക്കാരായ കൃഷ്ണ നഹ്വിയും പുണ്ഡലിക്കും തമ്മിലായിരുന്നു ഗുസ്തി.
എഫ്.ബി.താനേവാല, ഹിരലാല്‍ സെന്‍, ജെ.എഫ്.മദന്‍ തുടങ്ങിയവരായിരുന്നു തുടര്‍നാളുകളിലെ പ്രമുഖ ചലച്ചിത്രകാരന്മാര്. ഫീച്ചര്‍ ചിത്രം 1913 ലെ നിര്മിക്കപ്പെട്ടുള്ളൂവെങ്കിലും അവയിലെത്തിപ്പെടാനുള്ള ശ്രമങ്ങളായിരുന്നു ചിത്രങ്ങളേറെയും. അക്കൂട്ടത്തില്‍ ബംഗാള്‍ വിഭജനത്തിനെതിരായി സുരേന്ദ്രനാഥ് സെന്‍ നടത്തിയ സമരങ്ങളുടെ ചിത്രണം (1905) രാഷ്ട്രീയ രേഖാധാരയിലെ ആദ്യ ചിത്രമായി. 1903 ല്‍ ജബ്കുസും ഹെയര്‍ ഓയില്‍, Edwards Anti Maleria Specific എന്നീ ആദ്യപരസ്യചിത്രങ്ങള് ഹിരലാല്‍ സെന്‍ നിര്‍മിച്ചു നാടകസംഘങ്ങള്‍ നാടകങ്ങള്‍ കൊട്ടകകളില്‍ അവതരിപ്പിക്കുമ്പോള്‍ അവ ചിത്രീകരിച്ച് അവിടെത്തന്നെ പ്രദര്‍ശിപ്പിക്കുന്ന ഒരു പതിവ് സൃഷ്ടിച്ചതും ഹിരലാല്സെന്നാണ്.
ബങ്കിംചന്ദ്ര സീതാറാം, ആലിബാബ, ഭ്രമര്‍, ഹരിരാജ്, സരള, ബുദ്ധദേബ് തുടങ്ങിയ ചിത്രങ്ങള്‍ ഈ സരണിയില്പ്പെടുന്നു. ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിന്റെ പിതാവായി അംഗീകരിക്കപ്പെടുന്ന ഹിരലാല്‍ സെന്‍ 1917 ല്‍ അര്‍ബുദബാധയെത്തുടര്‍ന്ന് നിര്യാതനായി. അദ്ദേഹത്തിന്റെ സഹോദരനായ മോട്ടിലാല്സെന്നും ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിച്ചിരുന്നു.
ആദ്യം പ്രദര്‍ശനകേന്ദ്രങ്ങള്‍, പിന്നെ നിര്‍മാണ ശ്രമങ്ങള്‍ എന്ന ക്രമത്തിലായിരുന്നു സിനിമ ഇന്ത്യയില്‍ വേരോടി വ്യാപിച്ചത്. മുംബൈയില്‍ തുടങ്ങി, കൊല്‍ക്കത്തയിലേക്ക് വ്യാപിച്ചു. ലാഹോര്‍ (അന്ന് ഭാരതത്തിന്റെ ഭാഗം) നാസിക്, ദല്‍ഹി, ഹൈദരാബാദ്, മദിരാശി…. അങ്ങനെ കോഴിക്കോട്ട് മാനാഞ്ചിറ വഴി തൃശൂരിലേക്ക്. കേരളത്തിലെ സഞ്ചാരപര്വത്തിലേക്ക് പുറകെവരാം.
1911 ല്‍ ദല്‍ഹി ദര്‍ബാര്‍ എന്ന പേരില്‍ ചാള്‍സ് അര്‍ബന്‍ നിര്‍മിച്ച ഡോക്യുമെന്ററിയാണ് ഭാരതീയ സിനിമയിലെ ആദ്യ കളര്‍ പരീക്ഷണം. 1912 ല്‍ ആര്.പി.ടിപ്നിസ് ബോംബെയില്‍ മംഗള്‍ദാസ് വാഡിയില്‍ പ്രദര്‍ശിപ്പിച്ചുവന്ന പുണ്ഡലിക് എന്ന പ്രൊഫഷണല്‍ നാടകം രാംചന്ദ്ര ടോര്ണെയുടെ സംവിധാനത്തിന് കീഴില്‍ അതേപടി ചിത്രീകരിച്ചുകൊണ്ട് 8000 അടി ദൈര്‍ഘ്യമുള്ള സിനിമ നിര്‍മിച്ചു.
രാജാഹരിശ്ചന്ദ്രയിലെ നായികാ കഥാപാത്രത്തിന്റെ പേര് താരാമതി എന്നായിരുന്നു. എന്നാല്‍ ഭാരതത്തിലെ ആദ്യ ഫീച്ചര്‍ ചിത്രത്തിലെ നായികാ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടത് സ്ത്രീയായിരുന്നില്ല, സാലുങ്കി എന്നു പേരുള്ള കൗമാരക്കാരനായിരുന്നു. സാലുങ്കി പിന്നിട് ഫാല്‍ക്കെയുടെ ലങ്കാദഹനി(1917)ല്‍ രാമനായും സീതയായും വേഷമിട്ടു. ആദ്യ നായകന് രാജാ ഹരിശ്ചന്ദ്രയായി വേഷമിട്ട ദത്താരേയ ദാമോദര്‍ ദബ്ക്കെയാണ്. 1913 ല്‍ തന്നെ നിര്‍മിച്ച ഫാല്‍ക്കെയുടെ രണ്ടാമത്തെ ചിത്രമായ ഭസ്മാസുര് മോഹിനിയില്‍ നായികാവേഷം അഭിനയിച്ചത് കമല എന്ന മഹാരാഷ്ട്ര യുവതിയായിരുന്നു.
കമലയുടെ അമ്മ ദുര്ഗ്ഗാഭായിയും ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഫാല്‍ക്കെയുടെ പുത്രന് ബാല്ചന്ദ്ര് ആണ് രാജാഹരിശ്ചന്ദ്രയില്‍ രോഹിത് എന്ന ബാലകഥാപാത്രത്തെ അവതരിപ്പിച്ചത്. ഫാല്‍ക്കെയുടെ മകള്‍ മന്ദാകിനി 1919 ല്‍ അദ്ദേഹത്തിന്റെ ‘കാളിയമര്ദ്ദനി’ല്‍ അഭിനയിച്ചുകൊണ്ട് ആദ്യത്തെ ബാലനടിയായി.
സ്വന്തം പേരിനുപകരം താരനാമം സ്വീകരിക്കുന്ന പതിവാരംഭിക്കുന്നത് 1919 ലാണ്. ബാബുറാവു കൃഷ്ണറാവു മെയ്സ്ട്രി എന്ന ബാബുറാവു പെയിന്ററുടെ സൈരന്ധ്രിയില്‍ അഭിനയിച്ച ഗുലാബ് ഭായി സിനിമയില്‍ കമലാദേവി എന്നും അനസൂയാ ഭായി സുശീല ദേവി എന്നും പുതിയ പേരുകള്‍ സ്വീകരിച്ചു. 1916 ല്‍ വെല്ലൂര്‍ സ്വദേശിയായ ആര്. നടരാജ മുതലിയാര്‍ മദിരാശിയിലെ കില്പ്പാക്കില് ഇന്ത്യന്‍ ഫിലിം കമ്പനി ആരംഭിച്ചു. ഈ കമ്പനിയാണ് 1917-18 ല്‍ കീചകവധം നിര്‍മിച്ചത്.
ഫാല്‍ക്കെ തന്റെ പാര്‍ട്ട്ണര്‍മാരായ വി.എസ്. ആപ്തെ, മായാശങ്കര്‍ ഭട്ട്, മാധവ്ജി ജയ് സിന്‍ഹ, ഗോകുല്‍ദാസ് ദാമോദര്‍ എന്നിവരുമായി ചേര്‍ന്ന് ഫാല്‍ക്കെയുടെ കമ്പനിക്കു പകരം അതിന്റെ തുടര്‍ച്ചയായി നാസിക് കേന്ദ്രമായി ഹിന്ദുസ്ഥാന്‍ സിനിമ ഫിലിം കമ്പനി ആരംഭിച്ചു. 1917 ല്‍ തന്നെ കൊല്‍ക്കത്തയില്‍ നിന്നും സത്യവാദി രാജാഹരിശ്ചന്ദ്ര എല്ഫിന്സ്റ്റന് ബയസ്കോപ്പ് കമ്പനി പുറത്തിറക്കി.
1918 ല്‍ ഇന്ത്യന്‍ സിനിമട്ടോഗ്രാഫ് ആക്ട് നിലവില്‍ വന്നു. ചിത്രങ്ങള്‍ക്കു സെന്‍സറിങ്ങും തിയറ്ററുകള്‍ക്കു ലൈസന്‍സിങ്ങും പ്രാബല്യത്തിലായി. എങ്കിലും 1920 മുതല്ക്കേ സെന്‍സറിങ് ആരംഭിച്ചുള്ളൂ. ഒന്നാം നമ്പര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് ബോംബെയില്‍ ആദ്യമായി സെന്‍സര്‍ ചെയ്ത 600 അടി ദൈര്‍ഘ്യമുള്ള Gaumont Graphic No.963964 എന്ന ഹ്രസ്വചിത്രത്തിനായിരുന്നു. (ആഗസ്റ്റ് 6).
വത്സലഹരന് എന്ന തന്റെ ചിത്രത്തിനുവേണ്ടി ബാബുറാം പെയിന്ററാണ് ആദ്യമായി ഒരു സിനിമാ പോസ്റ്റര്‍ തയ്യാറാക്കിയത്. 1922 ല്‍ ബംഗാളിലും 1923 ല്‍ ബോംബെയിലും സിനിമയുടെ വിനോദ നികുതി ചുമത്തുവാനാരംഭിച്ചു. ആദ്യ ഫിലിം ലബോറട്ടറി, ആത്മാനന്ദ് 1927 ല്‍ നരായന്‍ റാവു (ദഞ്ജി ഭായ്) കെ.ദേശായ് ആരംഭിച്ചു.
1928 ല്‍ ബ്രിട്ടീഷ് ടാക്കീസ് എന്ന ചിത്രം കൊല്‍ക്കത്തയിലെ ഗ്ലോബ് തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചതോടെയാണ് ഭാരതത്തില്‍ ശബ്ദ സിനിമയുമായി ആദ്യ ഇടപഴകലുണ്ടായത്. അമേരിക്കയിലെ യൂണിവേഴ്സല്‍ കമ്പനി നിര്‍മിച്ച മെലഡി ഓഫ് ലവ് ആണ് ഭാരതത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന ആദ്യ ടാക്കി ഫീച്ചര്‍ സിനിമ. 1928 ഡിസംബര്‍ 28 ന് കൊല്‍ക്കത്തയിലെ എല്ഫിന്സ്റ്റണിലായിരുന്നു പ്രദര്‍ശനം.
1929 ല്‍ പുറത്തിറങ്ങിയ ഹത്തിംതായ എന്ന ചിത്രത്തിന്റെ ദൈര്‍ഘ്യം 35891 അടിയായിരുന്നു. (36 റീലുകള്‍) നാലുതവണയായിട്ടായിരുന്നു പ്രദര്‍ശനം.
1930 ഏപ്രില്‍ 22 ല്‍ സെന്‍സര്‍ബോര്‍ഡ് ദണ്ഡിയിലെയും ബോംബെയിലെയും സിവില്‍ നിയമലംഘനങ്ങളെക്കുറിച്ച് നിര്‍മിച്ച രണ്ടു ഡോക്യുമെന്ററികള്‍ അവ നിലവിലുള്ള ഭരണസംവിധാനത്തെ തകര്‍ക്കുവാനും ആഭ്യന്തരനീതി വ്യവസ്ഥയെ ഉലയ്ക്കുവാനും പ്രകോപിപ്പിക്കുന്നുവെന്ന ആക്ഷേപമാരോപിച്ച് നിരോധിച്ചു. സ്വരാജ് തോരണ്‍ എന്ന ചിത്രത്തിനും ഇതേ വര്‍ഷം ഇതേ ഗതി നേരിട്ടു.
പക്ഷെ നിര്‍മാതാക്കളായ കൊല്‍ഹാപൂരിലെ പ്രഭാത് ഫിലിം കമ്പനി സെന്‍സര്‍ ബോര്‍ഡ് ശഠിച്ച ഭാഗങ്ങള്‍ മുറിച്ചുമാറ്റിക്കൊണ്ട് പ്രദര്‍ശനാനുമതി നേടി.
1920 ല്‍ A woman of Pleasure, The House without children എന്നീ ചിത്രങ്ങള്‍ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചു. അതേവര്‍ഷം ഡിസംബര്‍ 23 ന് ബോംബെയില്‍ 111-ാം നമ്പര്‍ സര്‍ട്ടിഫിക്കറ്റോടുകൂടി സെന്‍സര്‍ ചെയ്ത Damaged Goods
ആണ് ഭാരതത്തില്‍ പ്രദര്‍ശനത്തിനെത്തിയ ആദ്യ അ സര്‍ട്ടിഫിക്കറ്റ് ചിത്രം.
1928 ലാണ് മലയാള സിനിമ ഭാരതീയ സിനിമയുടെ ഭൂപടത്തില്‍ പ്രവേശിക്കുന്നത് ജെ.സി.ദാനിയേല്‍ ഒരുക്കിയ നിശ്ശബ്ദ ചിത്രമായ വിഗതകുമാരനിലൂടെ. ആ വര്‍ഷം 109 ചിത്രങ്ങളാണ് ഭാരതത്തില്‍ നിര്‍മിക്കപ്പെട്ടതെന്നാണ് രേഖകള്‍ കാണിക്കുന്നത്. അതില്‍ വിഗതകുമാരന് പെട്ടിട്ടില്ല. മലയാള സിനിമയോ ആദ്യ ചിത്രമോ ആ വിധം കേരളത്തിനു പുറത്ത് ശ്രദ്ധിക്കപ്പെട്ടില്ല എന്നാണത് സൂചിപ്പിക്കുന്നതെങ്കിലും മലയാളിയെ സംബന്ധിച്ചിടത്തോളം ഇതാദ്യചിത്രവും അതിനാല്‍ പ്രസക്തവുമാണ്.
അതിലേയ്ക്കാവട്ടെ അടുത്തലക്കം, അതിന്റെ തുടര്‍ച്ചയായുള്ള ചലച്ചിത്ര പര്വങ്ങളിലേയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: