കരുനാഗപ്പള്ളി: കേരളത്തിലെ സ്‌കൂളുകളില്‍ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളുടേയും അക്കാദമിക്ക് നിലവാരമുയര്‍ത്തുക എന്നതാണ് മുഖ്യ ലക്ഷ്യമെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. അഖിലേന്ത്യാ തലത്തില്‍ നടക്കുന്ന പല പരീക്ഷകളിലും മലയാളികളായ വിദ്യാര്‍ത്ഥികള്‍ പിന്‍തള്ളപ്പെടുന്നു. ഇതിന് മാറ്റം വരുത്താന്‍ വിദ്യാഭ്യാസ രംഗത്ത് അടിമുടി മാറ്റം വരുത്താന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. കരുനാഗപ്പള്ളി ഗേള്‍സ് സ്‌കൂളിന് അന്താരാഷ്‌ട്ര നിലവാരത്തിനുള്ള ഐഎസ്ഒ 9001-2015 അവാര്‍ഡ് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എട്ടുമുതല്‍ 12 വരെയുള്ള ക്ലാസുകള്‍ രണ്ടുവര്‍ഷം കൊണ്ട് ഹൈടെക്ക് ആക്കും. ആധുനിക രീതിയിലുള്ള കമ്പ്യൂട്ടര്‍ ക്ലാസുകള്‍ സ്‌കൂളുകളില്‍ ആരംഭിക്കും. ശാസ്ത്രം പുരോഗതി പ്രാപിക്കുന്നതിന് അനുസൃതമായുള്ള ശിക്ഷണം അദ്ധ്യാപകര്‍ക്കും നല്‍കേണ്ടതായിട്ടുണ്ട്. അതിനായി വരുന്ന മൂന്നു വര്‍ഷം കൊണ്ട് ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളിലെ മുഴുവന്‍ അധ്യാപകര്‍ക്കും മികച്ചതും ആധുനികവുമായ പരിശീലനപദ്ധതി സര്‍ക്കാര്‍ നടപ്പാക്കും. ഇതിനും കരിക്കുലം പുതുക്കലിനും സര്‍ക്കാര്‍ തുക മാറ്റിവച്ചതായും മന്ത്രി പറഞ്ഞു.
യോഗത്തില്‍ എ.കെ.രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. എച്ച്എമ്മുമാരായ എന്‍.ശ്രീലത, മേരി ടി.അലക്‌സ്, പ്രിന്‍സിപ്പാള്‍ ബിന്ദു ആര്‍ ശേഖര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എം.ശോഭന, എന്‍.അജയകുമാര്‍, സി.ശ്രീകുമാര്‍, പി.ആര്‍. വസന്തന്‍, മഞ്ചു എന്നിവര്‍ സംസാരിച്ചു.
















