അഞ്ചല്‍: സമകാലിക ലോകത്തിലെ വെല്ലുവിളികളെ നേരിട്ട് ജീവിതവിജയം നേടുന്നതിന് രാമായണതത്വങ്ങള്‍ മുറുകെപിടിക്കണമെന്ന് സംബോധ് ഫൗണ്ടേഷന്‍ മുഖ്യആചാര്യന്‍ സ്വാമി ആദ്ധ്യാത്മാനന്ദ സരസ്വതി. ജടായുപ്പാറ കോദാണ്ഡ രാമക്ഷേത്രത്തിലേക്കുള്ള മഹാതീര്‍ത്ഥാടനം മഹാദേവക്ഷേത്രത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാമായണത്തിലെ കഥയും കഥാപാത്രങ്ങളും ഇന്നും ഏറ്റവും ശ്രേഷ്ഠമാണ്. ഇതിലെ വ്യക്തിത്വത്തെക്കുറിച്ചാണ് വാല്‍മീകി മഹര്‍ഷി നാരദരോടന്വേഷിക്കുന്നത്. കരുണാര്‍ദ്രമായ മഹര്‍ഷിയുടെ അന്വേഷണവും ഈശ്വരനിശ്ചയവും ഒത്തുവന്നപ്പോള്‍ രാമായണം പിറന്നു. ധര്‍മ്മം മൂര്‍ത്തിരൂപം ധരിച്ച വ്യക്തിയുടെ കഥയാണ് വാല്‍മീകി രചിച്ചത്. പക്ഷിയായ ജടായുവിന്റെ അന്ത്യകര്‍മ്മം സ്വന്തം കൈയാല്‍ നിര്‍വഹിച്ച ഭഗവാന്‍ രാമന്‍ മനുഷ്യന് ദേവത്വത്തിലേക്ക് ഉയരാമെന്നതിന്റെ സന്ദേശമാണ് നല്‍കുന്നതെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. ലോകമാതൃത്വം ഇന്നും അവഹേളിക്കപ്പെടുന്നത് ദുരവസ്ഥയാണെന്ന് തുടര്‍ന്ന് സംസാരിച്ച സംവിധായകനും ശില്‍പിയുമായ രാജീവ് അഞ്ചല്‍ പറഞ്ഞു. സീതയെ അപഹരിച്ച് കൊണ്ടുപോയ രാവണനെ നേരിട്ട ഒരു പക്ഷിയെക്കുറിച്ച് ലോകത്തിന് അത്ഭുതമുണ്ട്. സ്ത്രീയെ ദേവിയായി കരുതുന്ന നമ്മുടെ സംസ്‌കാരത്തിന്റെ മഹനീയതയാണിതെന്നും അദ്ദേഹം പറഞ്ഞു. കെ.ശിവദാസന്‍ അദ്ധ്യക്ഷത വഹിച്ചു. അമൃതാനന്ദമയി മഠത്തിലെ ബ്രഹ്മചാരി ശങ്കരചൈതന്യ രാമായണമത്സര വിജയികള്‍ക്ക് ഉപഹാരം നല്‍കി. തുടര്‍ന്ന് ജടായുപ്പാറയിലേക്കുള്ള തീര്‍ത്ഥാടനം നടന്നു. നൂറുക്കണക്കിന് ഭക്തജനങ്ങള്‍ നാമജപത്തോടെ പങ്കെടത്തു. പാറമുകളിലുള്ള രാമക്ഷേത്രത്തില്‍ അഭിഷേകവും ഭജനയും ആരതിയും നടന്നു. പരിപാടികള്‍ക്ക് ക്ഷേത്രംട്രസ്റ്റ് ഭാരവാഹികളായ എസ്.അശോകന്‍, കെ.ശിവദാസന്‍, മഠത്തില്‍ മോഹനന്‍പിള്ള, ജയകുമാര്‍, കൃഷ്ണകുമാര്‍, കണ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
















