ചേര്‍ത്തല: ജില്ലാ അത്‌ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തില്‍ 20, 21 തീയതികളിലായി ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജ് ഗ്രൗണ്ടില്‍ ജില്ലാ അത്‌ലറ്റിക് മീറ്റ് നടത്തും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ആയിരത്തിയഞ്ഞൂറോളം കായികതാരങ്ങള്‍ പങ്കെടുക്കും. അണ്ടര്‍ 14, 16, 18, 20 പുരുഷ, വനിതാ വിഭാഗങ്ങളിലായാണ് മല്‍സരങ്ങള്‍ നടക്കുക. ഓവറോള്‍ ചാമ്പ്യന്മാരാവുന്ന ടീമുകള്‍ക്ക് എവര്‍റോളിങ് ട്രോഫികളും നല്‍കും.
20ന് രാവിലെ 9.30ന് മന്ത്രി പി. തിലോത്തമന്‍ കായികമേള ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് വി.എ. സേതുലക്ഷ്മി അദ്ധ്യക്ഷത വഹിക്കും. 21ന് വൈകിട്ട് നാലിന് നടക്കുന്ന സമാപനസമ്മേളനത്തില്‍ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സോമന്‍ സമ്മാനദാനം നിര്‍വഹിക്കും. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കും, ക്ലബ്ബുകള്‍ക്കും, വ്യക്തികള്‍ക്കും മല്‍സരത്തില്‍ പങ്കെടുക്കാമെന്ന് രക്ഷാധികാരി ഒളിമ്പ്യന്‍ കെ.ജെ. മനോജ്‌ലാല്‍, പ്രസിഡന്റ് ബി. ഉല്ലാസ്, സെക്രട്ടറി കെ.കെ. പ്രതാപന്‍ എന്നിവര്‍ പറഞ്ഞു.
















