കരുനാഗപ്പള്ളി: പൂര്‍വ്വസൂരികള്‍ ദീര്‍ഘനാളത്തെ തപം കൊണ്ട് നേടിയ മഹത്വങ്ങളെ തെറ്റായാണ് വ്യാഖ്യാനിക്കുന്നതെന്ന് രാഷ്‌ട്രീയ സ്വയംസേവക സംഘം സംസ്ഥാന കാര്യകാരി സദസ്യന്‍ അഡ്വ.എം.ശങ്കര്‍ റാം. കൊല്ലം ഗ്രാമജില്ലയുടെ ആഭിമുഖ്യത്തില്‍ കരുനാഗപ്പള്ളിയില്‍ സംഘടിപ്പിച്ച അഖണ്ഡഭാരത സ്മൃതിദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരസ്പരം കലഹിച്ചിരുന്ന, സ്വാര്‍ത്ഥ മനോഭാവമുള്ള നാട്ടുരാജക്കന്മാരെ മുതലെടുത്ത് ബ്രിട്ടീഷുകാര്‍ നമ്മെ അടക്കി ഭരിക്കുകയായിരുന്നു. ശാസ്ത്ര-വൈജ്ഞാനിക മേഖലകളിലും, വിഭവസമൃദ്ധിയിലും ഏറെ മുന്നിലായിരുന്ന ഭാരതത്തെ കൊള്ളയടിക്കുകയും ദേശീയമാനബിന്ദുക്കളെ നശിപ്പിക്കുകയും ചെയ്തു. അതിനെതിരെ പ്രതികരിക്കുന്നതിനു പകരം സംസ്‌കാരത്തേയും പൈതൃകത്തേയും മറന്നുകൊണ്ട് ഒരു വിഭാഗം ബ്രിട്ടീഷുകാരെ ആരാധനയോടെ കാണുകയാണുണ്ടായത്. ബ്രിട്ടീഷുകാരുടെ അടിച്ചമര്‍ത്തലിനും കൊള്ളക്കുമെതിരെ ഉണ്ടായ സമരത്തെ ശിപായിലഹള എന്നു വിളിച്ചാക്ഷേപിച്ച ബ്രിട്ടീഷുകാര്‍ ഭാരതത്തിന്റെതായ എല്ലാ മാനബിന്ദുക്കളെയും അവമതിക്കുയാണ് ചെയ്തതെന്നും അഡ്വ.എം.ശങ്കര്‍റാം പറഞ്ഞു.
യോഗത്തില്‍ ബിജെപി സംസ്ഥാന മെഡിക്കല്‍ സെല്‍ കണ്‍വീനര്‍ ഡോ.ബിജു അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ഗ്രാമ ജില്ലാ കാര്യവാഹ് ബാഹുലേയന്‍, ബൗദ്ധിക്ക് പ്രമുഖ് രാജേഷ്, പ്രചാര്‍പ്രമുഖ് ഓമനക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു. നടനഗുരു ശ്രീ ഗുരുഗോപിനാഥ് ട്രസ്റ്റിന്റെ 2016ലെ നടന തിലകം അവാര്‍ഡ് ജേതാക്കളായ ബി.അഭിജിത്ത്, രശ്മി ആര്‍.എസ് എന്നിവരെയും കേരള യൂണിവേഴ്‌സിറ്റി ബിസിഎ പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ അപര്‍ണ്ണാ ഓമനക്കുട്ടനെയും ആദരിച്ചു.
















