അഞ്ചാലുംമൂട് : അഷ്ടമുടി കായലിന്റെ ഇരുഭാഗങ്ങളിലെയും സംരക്ഷണഭിത്തികള്‍ ഇടിഞ്ഞു തുടങ്ങി. ഭിത്തിയുടെ മിക്ക ഭാഗങ്ങളും തകര്‍ന്നിട്ട് കാലങ്ങളായെന്ന് സമീപവാസികള്‍ പറയുന്നു.ഭിത്തി തകര്‍ന്നിടത്തെല്ലാം കര ഇടിച്ചില്‍ വ്യാപകമാണ്. കായല്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്കാകട്ടെ സ്വന്തമായി സംരക്ഷണഭിത്തി നിര്‍മ്മിക്കാന്‍ സാമ്പത്തിക ശേഷിയും ഇല്ല. ഉള്‍നാടന്‍ ജലഗതാഗത വകുപ്പാണ് കായലിന്റെ വശങ്ങളില്‍ സംരക്ഷണഭിത്തി നിര്‍മ്മിച്ചത്. ഹൗസ് ബോട്ടുകളും മത്സ്യബന്ധന വള്ളങ്ങളും കായലിലൂടെ പോകുമ്പോഴുണ്ടാകുന്ന തിരയിളക്കമാണ് സംരക്ഷണഭിത്തി തകരാന്‍ കാരണമെന്നാണ് അധികൃതര്‍ വെളിപ്പെടുത്തുന്നത്. കാലാകാലങ്ങളില്‍ ഭിത്തിയുടെ അറ്റകുറ്റപ്പണി നടത്താനും അധികൃതര്‍ തയ്യാറാകുന്നില്ല. ഉദ്യോഗസ്ഥര്‍ ഇവിടേക്ക് തിരിഞ്ഞുപോലും നോക്കിയിട്ടിലെന്നാണ് നാട്ടുകാര്‍ പറയുന്നത്. തകര്‍ന്ന ഭിത്തികള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മുന്‍പ് സര്‍ക്കാരിനും ഉള്‍നാടന്‍ ജലഗതാഗത വകുപ്പിനും പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ല. സംരക്ഷണ ഭിത്തി തകര്‍ന്നതോടെ കായല്‍ തീരങ്ങളില്‍ താമസിക്കുന്ന നൂറ് കണക്കിന് കുടുംബങ്ങളാണ് ബുദ്ധിമുട്ടുന്നത്.
















