മുംബൈ: ആത്മീയ ഗുരു ഓഷോ രജനീഷിന്റെ യഥാര്‍ത്ഥ ഒസ്യത്ത് കണ്ടെത്തി ഭാരതത്തിലേക്ക് കൊണ്ടുവരണമെന്ന് മുംബൈ ഹൈക്കോടതി ഉത്തരവിട്ടു. പൂനെ പോലീസിനെ ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്തു. ഓഷോയുടെ ഒരു ശിഷ്യന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.
നിലവിലുളള ഓഷോയുടെ ഒസ്യത്ത് വ്യാജമാണെന്ന് പരാതിക്കാരനായ യോഗേഷ് തക്കാര്‍ ആരോപിക്കുന്നു. സംഭവത്തെക്കുറിച്ച് ശരിയായി അന്വേഷിക്കണമെന്ന് ജസ്റ്റിസുമാരായ നരേഷ് പാട്ടീലും പ്രകാശ് നായിക്കുമുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. യഥാര്‍ത്ഥ ഒസ്യത്ത് കണ്ടെടുത്ത് ഓഷോയുടെ ഒപ്പുമായി താരതമ്യം ചെയ്ത് ഇക്കാര്യം ഉറപ്പാക്കണം.
പരാതിക്കാരന്റെ ആവശ്യപ്രകാരം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെയും എന്‍ഫോഴ്‌സ്‌മെന്റ്ഡയറക്ടറേറ്റിനെയും കേസില്‍ കക്ഷിയാക്കിയിട്ടുണ്ട്. ഓഷോ ഫൗണ്ടേഷന്റെ ലക്ഷക്കണക്കിന് ഡോളര്‍ സ്വിസ് ബാങ്കിലേക്കും അമേരിക്കയിലേക്കും യൂറോപ്പിലേക്കും കടത്തിയതായി പരാതിക്കാരന്‍ റിസര്‍വ് ബാങ്കിനെ അറിയിച്ചിരുന്നു.
റിസര്‍വ് ബാങ്ക് ഇക്കാര്യം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ധരിപ്പിച്ചു. കൈയെഴുത്ത് വിദഗ്‌ദ്ധര്‍ നല്‍കിയ റിപ്പോര്‍ട്ട് പോലീസ് ഗൗരവത്തിലെടുത്തില്ലെന്നും പരാതിക്കാരന്‍ ആരോപിക്കുന്നുണ്ട്. 2013 ഡിസംബര്‍ എട്ടിന് തന്റെ പരാതിയിന്‍മേല്‍ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടതായും ഹര്‍ജിയില്‍ പറയുന്നുണ്ട്.
ഗുരുവിന്റെ മരണത്തിന് 23 വര്‍ഷത്തിന് ശേഷം വന്ന ഒസ്യത്ത് വ്യാജമാണെന്ന് തന്നെയാണ് അദ്ദേഹം ആവര്‍ത്തിക്കുന്നത്.
















