കണ്ണൂര്‍: നിര്‍ദ്ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് റെയില്‍പാതയ്‌ക്കൊപ്പം ഫീഡര്‍ റൂട്ട് എന്ന നിലയില്‍ ജലപാതയും പരിഗണിക്കുന്നു. കോഴിക്കോട് ജില്ലയില്‍ നിന്നും എളുപ്പത്തില്‍ വിമാനത്താവളത്തിലേക്ക് എത്തിച്ചേരാന്‍ കഴിയുന്ന ഇടനാഴിയാണ് പരിഗണനയില്‍. ഇതിന്റെ റൂട്ട് മാപ്പും പദ്ധതി രേഖയും ജില്ലാ ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിനു സമര്‍പ്പിച്ചു.
കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാതയുടെ തുടര്‍ച്ചയായ കോട്ടപ്പുറം-നീലേശ്വരം ജലപാതയുടെ ഭാഗമായി വിമാനത്താവളത്തിലേക്ക് ജലപാത നീട്ടാനാണ് നിര്‍ദ്ദേശം. വളപട്ടണം പുഴയിലൂടെയും എരഞ്ഞോളി-അഞ്ചരക്കണ്ടി പുഴവഴിയും വിമാനത്താവളമുളള കീഴല്ലൂരിലെത്താവുന്ന വിധമാണ് പദ്ധതി തയ്യാറാക്കിയിട്ടുളളത്. പദ്ധതിക്ക് 3600 കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രസ്തുത തുക 14-ാം ധനകാര്യകമ്മീഷന്‍ മുഖേന കേന്ദ്രത്തില്‍ നിന്നും ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.
















