പാലക്കാട്: ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും ഉദ്ഘോഷിക്കുന്ന ഗണേശോത്സവത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ലക്ഷക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്ന ഗണേശോത്സവം സമാനതകളില്ലാത്ത ഒരു വന്‍ ആഘോഷമായി തീര്‍ന്നിരിക്കുകയാണ്. കുഗ്രാമങ്ങളില്‍ നിന്നുവരെ ഗണേശവിഗ്രഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഘോഷയാത്രക്ക് ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഇതിന് മുന്നോടിയായി വിവിധ ആഘോഷക്കമ്മറ്റികള്‍ക്ക് നല്കുവാനുള്ള ഗണേശവിഗ്രഹങ്ങള്‍ ഒരുങ്ങി.
പാലക്കാട് ഗണേശോത്സവ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ചെന്നൈ, പോണ്ടിച്ചേരി, ചെങ്കല്‍പേട്ട, വിഴുപുരം, കാഞ്ചിപുരം, വേലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് വിഗ്രഹങ്ങളെത്തിക്കുന്നത്. കുടില്‍ വ്യവസായം എന്ന നിലക്ക് മുന്നൂറോളം കുടുംബങ്ങളാണ് ഈ പ്രദേശങ്ങളില്‍ വിഗ്രഹനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പടക്കനിര്‍മ്മാണത്തിന് ശിവകാശി എത്രയും പ്രസിദ്ധിനേടിയോ ആനിലയിലേക്ക് ഉയരുകയാണ് ഈപ്രദേശങ്ങളും. പേപ്പര്‍ പള്‍പ്പ് കൊണ്ട് നിര്‍മ്മിച്ച വിഗ്രഹങ്ങള്‍ക്കാണ് ആവശ്യക്കാരേറെയും.
പേപ്പര്‍ പള്‍പ്പ്കൊണ്ട് അച്ചില്‍ നിര്‍മ്മിക്കുന്ന വിഗ്രഹം ഉണങ്ങാന്‍ ഒരുമാസത്തോളം സമയമെടുക്കും. ആയതിനാല്‍ 45വിവിധ ഭാഗങ്ങളായിട്ടാണ് വിഗ്രഹങ്ങളെത്തിക്കുന്നത്. മൂന്ന് അടി മുതല്‍ 20 അടി വരെ ഉയരമുള്ള 450 വിഗ്രഹങ്ങളാണ് കമ്മറ്റി ഇത്തവണ കൊണ്ടുവന്നിരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ആലപ്പുഴ, കോട്ടയം,എറണാകുളം, കോഴിക്കോട്, മലപ്പുറം, കോയമ്പത്തൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും മാതാഅമൃതാനന്ദമയിയുടെ ആശ്രമങ്ങളിലേക്കും ഇവിടെ നിന്നാണ് വിഗ്രഹങ്ങള്‍ കൊണ്ടുപോകുന്നത്.
വിവിധ ഭാഗങ്ങളായി കൊണ്ടുവരുന്ന വിഗ്രഹങ്ങള്‍ ഇവിടെവച്ചാണ് പൂര്‍ണ്ണ രൂപത്തിലാക്കുന്നത്. വിഗ്രഹം നിര്‍മ്മിച്ചവര്‍ തന്നെയാണ് കൈകാലുകള്‍, തല, തുമ്പിക്കൈ എന്നിവ നൂല്പ്പൊടി, പ്ലാസ്റ്റര്‍ ഓഫ് പാരീസ്, പൂളമാവ് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന പശകൊണ്ട് ഒട്ടിച്ച് പൂര്‍ണ്ണതയിലെത്തിക്കുന്നത്. പിന്നീട് വാട്ടര്‍ കളര്‍ ഉപയോഗിച്ച് വിഗ്രഹങ്ങള്‍ക്ക് വിവിധ നിറങ്ങള്‍ നല്‍കും. വിഗ്രഹനിര്‍മ്മാണത്തിന്റെ ഏറ്റവും അവസാനമാണ് വിനായകനും അദ്ദേഹത്തിന്റെ വാഹനത്തിനും കണ്ണുവരക്കുന്നത്. കൃഷ്ണമണി വരയ്ക്കുന്നതിന് കണ്ണുതുറക്കല്‍ ചടങ്ങെന്നാണ് പറയുന്നത്.
പ്രശസ്തരായ ചിത്രകാരന്മാരാണ് ഈ ചടങ്ങിന് നേതൃത്വം നല്‍കുക. നല്ലസമയം നോക്കി പൂജയ്ക്കുശേഷമാണ് ഇന്നലെ കണ്ണുതുറക്കല്‍ ചടങ്ങു നടത്തിയത്. പേപ്പര്‍പള്‍പ്പ് കൊണ്ടു നിര്‍മ്മിക്കുന്ന വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്താല്‍ ഒരുമണിക്കൂറിനകം അലിഞ്ഞുപോകുമെന്നതാണ് ഇതിന്റെ പ്രത്യേകത .23 വര്‍ഷം മുമ്പ് ഒരു വിനായകനില്‍ തുടങ്ങിയ ആഘോഷം ഇപ്പോള്‍ 450 വിനായകന്മാരിലെത്തിയിരിക്കുകയാണ്. തണുപ്പത്ത് വിഗ്രഹം ചുരുങ്ങാന്‍ ഇടയുള്ളതിനാല്‍ വിഗ്രഹം വച്ചിരിക്കുന്ന സ്റ്റാന്റിനടിയില്‍ വിറക് കത്തിച്ച് ചൂട് നിലനിറുത്താറുണ്ട്. എന്നാല്‍ ഇത്തവണ മഴകുറവായതിനാല്‍ ചൂട് കൊടുക്കേണ്ട ആവശ്യവും വന്നിട്ടില്ല.
സെപ്തംബര്‍ 5, 6 തിയ്യതികളില്‍ നടക്കുന്ന ഗണേശോത്സവം വളരെ വിപുലമായി ആഘോഷിക്കാനുള്ള പ്രവര്ത്തനങ്ങളള് നടക്കുകയാണെന്ന് ജില്ലാ ഗണേശോത്സവ കമ്മറ്റി ജനറല്‍ സെക്രട്ടറി എം.ശിവഗിരി പറഞ്ഞു. വിഗ്രഹങ്ങള്‍ ആവശ്യമുള്ളവര്‍ 8089485626 ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: