കൊച്ചി: സരിതയുടെ സോളാര്‍ കമ്പനി 2011ല്‍ ആരംഭിച്ചപ്പോള്‍ തനിക്ക് അറിയായായിരുന്നെന്ന് കെപിസിസി സെക്രട്ടറി എം. സുബ്രഹ്മണ്യന്‍ സോളാര്‍ കമ്മിഷനില്‍ മൊഴിനല്‍കി. എന്നാല്‍ കമ്പനിയെക്കുറിച്ച് വിശദമായി മനസിലാക്കിയത് 2012 ഡിസംബറിലാണെന്നും സരിത നേരിട്ടുവന്ന് കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നുവെന്നും സുബ്രഹ്മണ്യന്‍ കമ്മിഷനില്‍ മൊഴി നല്‍കി. തുടര്‍ന്ന് സരിത ബിസിനസിനായി സഹായം ചോദിച്ചിരുന്നെങ്കിലും താന്‍ സഹായമൊന്നും ചെയ്തു നല്‍കിയില്ല.
എന്നാല്‍ ഭാര്യ സഹോദരന് സരിതയുടെ കമ്പനിയുടെ കോഴിക്കോട്, മലപ്പുറം ജില്ലകളുടെ ലീഡര്‍ഷിപ്പ് എടുത്തിരുന്നു. ഇതിനായി ഒന്‍പത് ലക്ഷം രൂപ മുന്‍കൂറായി നല്‍കുകയും കരാര്‍ ഒപ്പിടുകയും ചെയ്തതായി സുബ്രഹ്മണ്യന്‍ പറഞ്ഞു. കരാറിന്റെ കോപ്പിയും പണം നല്‍കിയ രസീതിന്റെ കോപ്പിയും കമ്മിഷനില്‍ ഹജരാക്കി.
തുക നല്‍കിയശേഷം പിന്നീട് വിളിച്ചപ്പോള്‍ ഫോണ്‍പോലും എടുക്കാന്‍ സരിത തയാറായില്ലെന്നും മിക്കപ്പോഴും സ്റ്റാഫായിരുന്നു ഫോണ്‍ എടുത്തിരുന്നതെന്നും സുബ്രഹ്മണ്യന്‍ പറഞ്ഞു. പിന്നീട് തുടര്‍ച്ചയായി വിളിച്ച് പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പല തവണയായി തുക തിരികെ നല്‍കിയതായും സരിതയുടെ അറസ്റ്റിനുശേഷം അവരുമായി ബന്ധപ്പെട്ടിട്ടില്ലെന്നും സുബ്രഹ്മണ്യന്‍ മൊഴി നല്‍കി.
എന്നാല്‍ ഇതിനുശേഷം പലതവണ ഇയാള്‍ സരിതയെ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തതിന്റെ രേഖ കമ്മിഷന്റെ അഭിഭാഷകന്‍ ഹാജരാക്കി. എന്നാല്‍ താന്‍ സരിതയെ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്തിട്ടില്ല.
















