ഗോദാവരി-കൃഷ്ണ നദീസംയോജനത്തിനു ശേഷം ആന്ധ്ര ഗുണ്ടൂര്‍ ജില്ലയിലെ തടേപ്പളളി ഗ്രാമത്തിലെ മീന്‍പിടുത്തക്കാര്‍ കുഴപ്പത്തിലാണ്. രാകാശിയാണ് വില്ലന്‍. മുമ്പു കണ്ടിട്ടില്ലാത്ത ഈ മീന്‍ വല നശിപ്പിക്കുന്നു. ഇവയെപ്പേടിച്ച് മറ്റ് മീനുകള്‍ അടുക്കുന്നുമില്ല. അതിനാല്‍ മീന്‍ കിട്ടുന്നില്ലെന്നും ദുരിതത്തിലായിരിക്കുന്നെന്നും ഇവര്‍ പരാതിപ്പെടുന്നു. രാകാശി എന്തായാലും ഇവര്‍ക്ക് രാശിയേ അല്ല.
രകാശി എന്നാല്‍ തെലുങ്കില്‍ പിശാച് എന്നര്‍ത്ഥം. മാംസ ഭോജികളായ ഈവ ക്യാറ്റ് ഫിഷ് വിഭാഗത്തില്‍ പെടുന്നു. ബംഗാള്‍ കാര്‍പ്, റെബാ കാര്‍പ്, ഗ്രുന്റര്‍, വൈറ്റ് കാര്‍പ്, സ്‌നേക്ക് ഹെഡ് തുടങ്ങിയവയെപ്പോലെ ഇവ കൃഷ്ണയിലെ ജീവിയല്ല. ഇവ വലയില്‍ നിന്ന് എടുക്കാന്‍ രണ്ട് മണിക്കൂറോളം വേണം. സമയനഷ്ടം ഒഴിവാക്കാന്‍ ഒടുവില്‍ വല മുറിക്കുന്നു. ഇതുമൂലം വലിയ സാമ്പത്തിക നഷ്ടമാണ്.
മത്സ്യ വകുപ്പുദ്യോഗസ്ഥര്‍ ഇവയെ പഠിച്ചു. രാകാശി കഴിയ്‌ക്കരുതെന്നും വില്‍ക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പാട്ടിസീമ ജലസേചന പദ്ധതി ആരംഭിച്ചത് മുതലാണ് ഈ മീനിനെ കാണാന്‍ തുടങ്ങിയത്.
















