ചെന്നൈ: പ്രമുഖ തമിഴ്‌സിനിമാ നിര്‍മ്മാതാവും തിരക്കഥാകൃത്തുമായ പഞ്ചു അരുണാചല (75)ത്തിന് അന്ത്യാഞ്ജലി. രക്താര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ചയാണ് അന്തരിച്ചത്. ഗാനരചയിതാവ്, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനായ അരുണാചലം പ്രമുഖ ഗാനരചയിതാവായിരുന്ന കണ്ണദാസന്റെ മരുമകനാണ്.
അദ്ദേഹത്തിന്റെ സഹായിയായി 1958ലാണ് അരുണാചലം സിനിമാലോകത്ത് എത്തുന്നത്. അതിനുശേഷം നൂറോളം സിനിമകളില്‍ തിരക്കഥയെഴുതിയിട്ടുണ്ട്.
സംഗീതസഹായിയായിരുന്ന ജ്ഞാനദേശികന്‍ എന്നയാളെ ഇളയരാജ എന്ന് പേരിട്ട് തന്റെ അന്നക്കിളി എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനാക്കി മാറ്റിയത് അരുണാചലമാണ്.
ഈസിനിമയിലെ ഗാനങ്ങള്‍ക്ക് ലഭിച്ച വന്‍ ജനപ്രീതിയാണ് ഇളയരാജയെ പ്രശസ്തനാക്കിയത്. അതുപോലെതന്നെ രജനീകാന്ത്, കമലഹാസന്‍ എന്നിവരെ തമിഴ്‌സിനിമയുടെ നായകനിരയിലേക്ക് കൊണ്ടുവരുന്നതിലും അരുണാചലം നിര്‍ണായക പങ്കാണ് വഹിച്ചത്.
ഉല്ലാസപ്പറൈവകള്‍, സകലകലാവല്ലഭവന്‍, പായുംപുലി, തൂങ്കാതെതമ്പിതൂങ്കാതെ, നല്ലതമ്പി, അപൂര്‍വ സഹോദരങ്ങള്‍,അതിശയപ്പിറൈവിതുടങ്ങി മുപ്പതോളം ഹിറ്റ് ചിത്രങ്ങളുടെ രചനയും നിര്‍വഹിച്ചിട്ടുണ്ട്.
മനമഗളേ വാ, പുതുപാട്ട്, കളിക്കളം, തമ്പി പൊണ്ടാട്ടി എന്നീ ചിത്രങ്ങള്‍ അരുണാചലം സംവിധാനം ചെയ്തിട്ടുണ്ട്. കൂടാതെ ആനന്ദരാഗം, ഗുരുശിഷ്യന്‍, മൈക്കിള്‍ മദന കാമരാജന്‍,പൂവെല്ലാം കേട്ടുപ്പാര്‍, റിഷി എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളടക്കം പതിനാലോളം ചിത്രങ്ങള്‍ നിര്‍മ്മിച്ചു. മീനയാണ് ഭാര്യ, പ്രശസ്ത ചലച്ചിത്രതാരം സുബ്ബു പഞ്ചു മകനാണ്.
തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്, നടന്‍ ധനുഷ്, നടി രാധിക ശരത്കുമാര്‍, ദേശീയ പുരസ്‌കാര ജേതാവും എഴുത്തുകാരനുമായ ധനഞ്ജയന്‍ ഗോവിന്ദ്, നിര്‍മ്മാതാവ് കെ. ബാലചന്ദര്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ അരുണാചലത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
















