ന്യൂദല്‍ഹി: നരേന്ദ്ര മോദി മുഖ്യമന്ത്രി യായിരിക്കെ ഗുജറാത്തിലെ ഗീര്‍ വനത്തില്‍ നിന്ന് യുപിക്ക് സമ്മാനമായി നല്‍കിയ നാലു സിംഹങ്ങളില്‍ രണ്ടെണ്ണം ചത്തു. ഇതിന്റെ കാരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒച്ചപ്പാടുമായി മുലായം സിംഗ് യാദവ് ലോക്‌സഭയില്‍. മുലായത്തിന്റെയും മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്റെയും അഭ്യര്‍ഥന പരിഗണിച്ചായിരുന്നു മോദി സിംഹങ്ങളെ നല്‍കിയത്.
ഇവയെ ലക്‌നൗ മൃഗശാലയിലാണ് പാര്‍പ്പിച്ചിരുന്നത്. അവയില്‍ രണ്ടെണ്ണമാണ് ചത്തത്. മുലായത്തിന്റെ ആവശ്യം പരിഗണച്ച് അന്വേഷണം നടത്താമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവേ ഉറപ്പു നല്‍കി.
എന്റെ സിംഹങ്ങള്‍ ചത്തു. മോദിജി സമ്മാനിച്ചതായിരുന്നു അവ. ഡോക്ടര്‍മാരുടെ സേവനവും അദ്ദേഹം നല്‍കി. എന്നിട്ടും അവ ചത്തു. കാരണം സര്‍ക്കാര്‍ കണ്ടുപിടിക്കണം. മുലായം ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ഗുജറാത്തിലെ 40 സിംഹങ്ങളെ മധ്യപ്രദേശിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് നടപ്പായില്ലെന്ന് കോണ്‍ഗ്രസ് അംഗം ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
















