വിജയവാഡ: ഗോ രക്ഷക് പ്രവര്‍ത്തകരെന്ന് പറഞ്ഞ് ഒരു കൂട്ടമാള്‍ക്കാര്‍ ആന്ധ്രാപ്രദേശില്‍ ഷോക്കേറ്റ് മരിച്ച പശുവിന്റെ തോലുരിഞ്ഞ രണ്ട് ദളിതരെ മര്‍ദ്ദിച്ചു.
കിഴക്കന്‍ ഗോദാവരി അമലാപുരം ജാനകിപേട്ടയിലാണ് സംഭവം.
പോലീസ് പറയുന്നത് ഇങ്ങനെ. പശു ഷോക്കേറ്റ് ചത്തതിനെത്തുടര്‍ന്ന് ഉടമസ്ഥനായ കര്‍ഷകന്‍ രണ്ട് ദളിതരെക്കൊണ്ട് തോല്‍ഉരിക്കുകയായിരുന്നു. ഗോരക്ഷാ പ്രവര്‍ത്തകരെന്ന് പറയുന്നവര്‍ ഇവിടെയെത്തി അവരെ മര്‍ദ്ദിക്കുകയുമായിരുന്നു. മൊകതി എലീസ, ലാസര്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പശുവിനെ കൊന്നതാണെന്ന സംശയത്തിലായിരുന്നു മര്‍ദ്ദനം.
മര്‍ദ്ദനമേറ്റ രണ്ടുപേരെയും അമലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എലീസയുടെ അവസ്ഥ ഗുരുതരമാണ്. സംഭവത്തില്‍ എസ് സി/എസ്ടി സംരക്ഷണനിയമപ്രകാരം കേസെടുത്തതായും പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഉടന്‍ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി. വ്യജ ഗോസംരക്ഷകര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
















