നാഗ്പൂര്‍: 25 വര്‍ഷം മുമ്പ് പിരിച്ച് വിട്ട ജീവനക്കാര്‍ക്ക് 3543 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ഇവര്‍ക്ക് 1991 മുതലുളള പകുതി ശമ്പളമാണ് നല്‍കാനാണ് എല്‍ഐസിയുടെ പുനഃപരിശോധനാ ഹര്‍ജി തളളി വിധിച്ചിരിക്കുന്നത്.
പകരത്തിനും താത്ക്കാലികവുമായി ജോലി ചെയ്തിരുന്ന 8000 പേരെയാണ് പിരിച്ചുവിട്ടത്. നാഗ്പൂരില്‍ നിന്ന് മാത്രം 350 പേരെ പറഞ്ഞുവിട്ടു.
വിധി എട്ടാഴ്ചയ്‌ക്കകം എല്‍ഐസി നടപ്പാക്കാനും ജസ്റ്റിസുമാരായ ഗോപാല ഗൗഡ, സി. നാഗപ്പന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
സുപ്രീം കോടതി നിര്‍ദേശം എല്‍ഐസിയ്‌ക്ക് വന്‍ ബാധ്യത സൃഷ്ടിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി ചൂണ്ടിക്കാട്ടി. വാര്‍ഷിക ബാധ്യതയായ 728 കോടിയ്‌ക്ക് ഒപ്പം ഇത്കൂടി ചേരുമ്പോള്‍ ബാധ്യത 7087കോടിയാകും. ഈ സാമ്പത്തിക ബാധ്യത കോടതി കാണാതെ പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എല്‍ഐസിയ്‌ക്ക് ക്ലാസ് തേഡ്, ഫോര്‍ത്ത് വിഭാഗങ്ങളിലായി 55427 ജീവനക്കാരുണ്ട്. പരാതിക്കാരെ കൂടി ചേര്‍ത്താല്‍ ക്ലാസ് തേഡ് ജീവനക്കാരുടെ എണ്ണത്തില്‍ 11.4ശതമാനം വര്‍ദ്ധനയും ക്ലാസ് ഫോറില്‍ 56.65ശതമാനം വര്‍ദ്ധനയും ഉണ്ടാകും.
















