കൊല്‍ക്കത്ത: സ്വന്തം വീട്ടില്‍ ബന്ധുക്കളില്‍ നിന്ന് ലൈംഗിക പീഡനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് സുതപ പാത്രയ്‌ക്ക്. മാതാപിതാക്കളോട് പരാതിപ്പെട്ടപ്പോഴൊക്കെ കുടുംബത്തിന് മാനക്കേടുണ്ടാകും ആരോടും പറയരുതെന്നായിരുന്നു താക്കീത്. അങ്ങനെയുള്ളവരുടെ സാമീപ്യം ഒഴിവാക്കാന്‍ നിര്‍ദ്ദേശവും. പക്ഷേ അവളൊരു തീരുമാനമെടുത്തു. കായികമായി അവരെ നേരിടുക. അതിന് ആത്മരക്ഷാര്‍ത്ഥം വെന്‍ലിഡോ കായികമുറ അഭ്യസിച്ചു സുതപ.
സ്വയംരക്ഷയ്‌ക്ക് സുതപ പരിശീലിച്ചത് മറ്റുപെണ്‍കുട്ടികള്‍ക്കും പകര്‍ന്നുകൊടുത്തു. ബംഗാളിലെ 600 പെണ്‍കുട്ടികളാണ് സുതപയില്‍ നിന്ന് വെന്‍ലിഡോ പഠിച്ചത്. ശാരികവും മാനസികവുമായ ചലനങ്ങള്‍ ഏകോപിപ്പിക്കുന്ന അഭ്യാസ രീതിയാണ് ഈ കായികമുറ.
പെണ്‍കുട്ടികള്‍ കുറച്ചൊന്നുമല്ല സ്വന്തം കുടുംബങ്ങളില്‍ത്തന്നെ പീഡിപ്പിക്കപ്പെടുന്നത്.
അവര്‍ക്കാര്‍ക്കും തന്റെ അനുഭവം ഉണ്ടാകരുതെന്ന മുഖവുരയോടെ സുതപ പറയുന്നു. ലൈംഗിച്ചുവയുളള വാക്കുകളെ തടയാനും വെന്‍ലിഡോയ്‌ക്ക് കഴിവുണ്ട്. വീട്ടമമ്മാരും സ്‌കൂള്‍ കുട്ടികളുമെല്ലാമുണ്ട് സുതപയുടെ കായിക പഠനത്തിന്.
സ്ത്രീപീഡനങ്ങള്‍ക്കെതിരെ പോരാടുന്ന ‘അമാദര്‍ പ്രേരണ’ എന്ന സംഘടനയും സുതപയുടേതാണ്.
സന ഷേഖ് സിന്ദൂരം തൊടരുത്
മുംബൈ: ഹിന്ദി സീരിയലിലെ തിളങ്ങും താരമാണ് സന അമീന്‍ ഷേഖ്. കളേഴ്്‌സ് ചാനലിലെ ‘കൃഷ്ണദാസി’യിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിത സന വലിയൊരു വിവാദത്തില്‍ പെട്ടിരിക്കുകയാണ്. പലപ്പോഴും പട്ടുടുത്ത്, പൊട്ടുതൊട്ട്, നിറയെ ആഭരണമണിഞ്ഞാണ് സന സ്‌ക്രീനിലെത്താറുള്ളത്. സീമന്തരേഖയില്‍ സിന്ദൂരവും പതിവ്.
അങ്ങനെയൊരു ഫോട്ടോ അടുത്തിടെ സന ഫേസ്ബുക്കിലിട്ടു. അതാകെ പ്രശ്‌നമായി. മുസ്ലിമായ സനയ്‌ക്ക് അഭിനയിക്കുമ്പോള്‍ മാത്രം പോരെ സിന്ദൂരമെന്നാണ് മതഭ്രാന്ത് തലയ്‌ക്ക് പിടിച്ചവരുടെ ചോദ്യം. മറുപടി സന ഫേസ്ബുക്കിലൂടെ തന്നെ നല്‍കി.’ ചിലരെന്നോട് എന്തുകൊണ്ട് ഞാന്‍ പാക് അപ് കഴിഞ്ഞാലും സിന്ദൂരം മായ്‌ക്കുന്നില്ല എന്നു ചോദിച്ച് ശണ്ഠയ്്ക്ക് വരുന്നു.
ഞാന്‍ എപ്പോഴാണോ തലനനയ്‌ക്കാറുള്ളത് അപ്പോള്‍ മാത്രമേ ഈ സിന്ദൂരം മായ്‌ക്കാറുള്ളൂ. ഇത് ഞാനെന്റെ ഇഷ്ടപ്രകാരം ചെയ്താല്‍ ഞാനെന്താ തരംതാണ മുസ്ലിമാകുമോ? എന്റെ അമ്മയും അമ്മൂമ്മയുമെല്ലാം മംഗല്യസൂത്രം അണിയാറുണ്ട്. അത് ഹൈന്ദവ രീതിയല്ലേ? ‘
ഇതെല്ലാം ചോദിക്കുന്നവരോട് മറ്റൊരു ചോദ്യം കൂടിയുണ്ട് സനയ്‌ക്ക്.’നിങ്ങളെന്തിനാണ് ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമുമെല്ലാം പിന്തുടരുന്നത്? ടിവിയില്‍ എന്റെ സീരിയല്‍ കാണുന്നതെന്തിനാണ്?
അതൊന്നും ‘ഹറാം’ അല്ലേ? സിന്ദൂരം തൊടുന്ന ഞാന്‍ നരകത്തിലും ടിവി കാണുന്ന, ഫേസ്ബുക്ക് ഉപയോഗിക്കുന്ന, എന്നെ തിരുത്താന്‍ സമയം കളയുന്ന നിങ്ങള്‍ സ്വര്‍ഗത്തിലും പോകുമല്ലെ?’
















