ന്യൂദൽഹി: ജീവിച്ചിരുന്ന ബുർഹാനെക്കാൾ അപകടകാരിയാണ് മരിച്ച ബുർഹാനെന്ന് ത്രിണമൂൽ കോൺഗ്രസ്. കശ്മീർ സംഘർശങ്ങളെ കുറിച്ച് രാജ്യസഭയിൽ നടന്ന ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുമ്പോഴായിരുന്നു ത്രിണമൂൽ കോൺഗ്രസ് എംപി ഡെറിക്ക് ഒബ്രിയന്റെ പ്രതികരണം.
പാർലമെന്‍റിന്റെ വർഷകാല സമ്മേളനം ആരംഭിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് കശ്മീർ വിഷയം രാജ്യസഭയിൽ ചർച്ച ചെയ്യുന്നത്. കശ്മീർ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് പാക്കിസ്ഥാനെതിരേയും ഡെറിക്ക് ഒബ്രിയൻ വിമർശനം ഉന്നയിച്ചു. ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരരിക്കുന്നതാണ് നല്ലതെന്നും, കശ്മീർ വിഷയത്തിൽ മുതലക്കണ്ണീരൊഴുക്കുന്നത് അവസാനിപ്പിക്കണമെന്നും ഡെറിക്ക് രാജ്യസഭയിൽ പറഞ്ഞു. കശ്മീരിനേയും കശ്മീരിലെ ജനങ്ങളേയും വേർതിരിച്ചു കാണുന്നത് അവസാനിപ്പിക്കണമെന്നും ഡെറിക്ക് ചൂണ്ടിക്കാട്ടി.
കശ്മീരിലെ സംഘർഷങ്ങൾ 33 ദിവസം പിന്നിട്ടിട്ടും പരിഹാരം കാണാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സാധിക്കാതിരുന്നതിനെ തുടർന്നാണ് വിഷയം വീണ്ടും പാർലമെന്‍റിൽ ചർച്ച ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയത്.
















