ന്യൂദല്‍ഹി: ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരന്‍ ബഹദൂര്‍ അലിക്ക് പാക്കിസ്ഥാനില്‍ നിന്ന് പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് എന്‍ഐഎ. കശ്മീരിലെ നിലവിലെ സാഹചര്യം മുതലെടുക്കാനാണ് ഇയാളെ ഭാരതത്തിലേയക്ക് അയച്ചതെന്നും എന്‍ഐഎ സ്ഥിരീകരിച്ചു. എന്‍ഐഎ ഐജി സഞ്ജീവ് സിങാണ് ഇതു സംബന്ധിച്ച വിവരം മാധ്യമങ്ങളോടായി പങ്കു വെച്ചത്.
അടുത്തിടെ വടക്കന്‍ കശ്മീരില്‍ നിന്ന് പിടിയിലായ അലിക്ക് പാക് സേനയില്‍ നിന്ന് പരിശീലനം ലഭിച്ചിട്ടുണ്ട്. പാക് അധീന കശ്മീരിലെ ഭീകര സംഘടനകളുടെ കണ്‍ട്രോള്‍ റൂമില്‍ നിന്നും അലിക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നിരന്തരമായി ലഭിച്ചിരുന്നെന്നും സഞ്ജീവ് സിങ് വ്യക്തമാക്കി.
അലിയെ ഭാരതത്തിലേയ്‌ക്ക് അയച്ചത് ഇവിടുത്തെ സാഹചര്യം മുതലെടുക്കുന്നതിലൂടെ പ്രദേശവാസികളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക, സൈന്യത്തെ അക്രമിക്കുക എന്നിവയായിരുന്നു ലക്ഷ്യം.
ഏകദേശം 30 മുതല്‍ 50വരെ ആളുകള്‍ ലക്ഷ്‌കര്‍-ഇ-തൊയ്ബയില്‍ നിന്ന് പരിശീലനം നേടിയവരാണെന്നും ഇവര്‍ അഫ്ഗാന്‍-പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്നവരാണെന്നും എന്‍ഐഎ പറഞ്ഞു. പാക് അധീന കശ്മീരില്‍ നിലയുറപ്പിച്ചിരിക്കുന്ന ലക്ഷ്‌കര്‍-ഇ-തൊയ്ബയെ അല്‍ഫ-3 എന്ന പേരിലാണ് അറിയപ്പെടുന്നത്.
അലിയില്‍ നിന്ന് വന്‍തോതിലുള്ള ആയുധ ശേഖരം പിടിച്ചെടുത്തിരുന്നു. അലിയെ അറസ്റ്റ് ചെയ്യുമ്പോള്‍ ഇയാളുടെ പക്കല്‍ എകെ-47 തോക്കുകളുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ റേഡിയോ, കോബസ് ജിപിഎസ്, ഭൂപടങ്ങള്‍, ജപ്പാന്‍ നിര്‍മ്മിത ഐക്കണ്‍ സെറ്റുകള്‍ എന്നിവയും ഇയാളില്‍ നിന്ന് കണ്ടെടുത്തിരുന്നു.
















