ചെന്നൈ: സേലത്തു നിന്ന് ചെന്നൈയിലെത്തിയ സേലം എക്സ്പ്രസില്‍ നടന്ന കൊള്ളയ്‌ക്ക് പിന്നില്‍ വിദഗ്ധസംഘമെന്ന് പോലീസ്.
ബോഗിയില്‍ നടത്തിയ പരിശോധനയില്‍ നാല് പേരുടെ വിരലടയാളം കണ്ടെത്തി. പണപ്പെട്ടികള്‍ സേലം സ്റ്റേഷനില്‍ വെച്ച് തീവണ്ടിയില്‍ ചുമന്നു കയറ്റിയ നാലു പോര്‍ട്ടര്‍മാരെയും ചില ബാങ്കുദ്യോഗസ്ഥരെയും റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
കഴിഞ്ഞ ദിവസമാണ് ഏവരെയും ഞെട്ടിച്ച വന്‍ കവര്‍ച്ച നടന്നത്. സേലം-ചെന്നൈ എക്‌സ്പ്രസിലെ (11064) മൂന്നു പ്രത്യേക പാഴ്‌സല്‍ വാനുകളില്‍ ഒന്നിന്റെ മുകള്‍ഭാഗത്തു രണ്ടടി ദ്വാരമുണ്ടാക്കിയാണു പണം തട്ടിയത്. 342 കോടി രൂപയാണു മൊത്തമുണ്ടായിരുന്നത്. ഇതില്‍ 5.78 കോടി രൂപ കൊള്ളയടിച്ചു.
മുഷിഞ്ഞുപഴകിയതിനാല്‍ നശിപ്പിക്കാന്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖകളില്‍ നിന്നു കൊണ്ടുവന്നതാണെങ്കിലും വേണമെങ്കില്‍ ബാങ്കില്‍ കൊടുത്തു മാറ്റിയെടുക്കാന്‍ കഴിയുന്ന നോട്ടുകളാണിവ.
















