പാറ്റ്‌ന: ബീഹാറില്‍ മദ്യനിരോധന നിയമം ലംഘിച്ച ഗ്രാമത്തിന് പിഴ. നളന്ത ജില്ലയിലെ കൈലാഷ്പുരി ഗ്രാമവാസികള്‍ക്കാണ് ജില്ലാ മജിസ്ട്രേറ്റ് 5000 രൂപ പിഴ വിധിച്ചത്. ഗ്രാമത്തിലെ അന്‍പതോളം വീടുകള്‍ തുല്യമായി പിഴതുക നല്‍കണം.
ഭേദഗതി വരുത്തിയ മദ്യ നിയമത്തില്‍ പുതിയതായി കൂട്ടിച്ചേര്‍ത്ത ‘കൂട്ട പിഴ ഈടാക്കല്‍’ ആദ്യമായാണ് നടപ്പാക്കുന്നത്. ഗ്രാമത്തില്‍ മദ്യ കുപ്പികള്‍ കണ്ടെടുത്തതിനെ തുടര്‍ന്ന് അവിടെ താമസിക്കുന്ന അമ്പതു കുടുംബങ്ങള്‍ക്കാണ് ജില്ലാ മജിസ്‌ട്രേറ്റ് പിഴ വിധിച്ചിരിക്കുന്നത്.
ഏപ്രില്‍ അഞ്ച് മുതല്‍ സംസ്ഥാനത്ത് മദ്യനിരോധനം പ്രാബല്യത്തില്‍ വന്നിരുന്നു. എന്നാല്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് പലയിടത്തും ഇപ്പോഴും മദ്യവില്‍പന സജീവമാണ്. ഏപ്രില്‍ ഒന്ന് മുതല്‍ കഴിഞ്ഞ ദിവസം വരെ മാത്രം നളന്തയില്‍ മദ്യം ഉപയോഗിച്ചതിനെ തുടര്‍ന്ന് 189 പേര്‍ അറസ്റ്റിലായി. നാടന്‍ മദ്യവും വിദേശ മദ്യവും ബിയര്‍ കുപ്പികളും വന്‍ തോതില്‍ കണ്ടെടുക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നടപടി.
അനധികൃത മദ്യവില്‍പന തടയാനുളള നടപടികള്‍ ബിഹാര്‍ സര്‍ക്കാര്‍ ശക്തമാക്കി വരികയാണ്. ഇതിനായി നിയമനിര്‍മാണവും നടത്തിയിരുന്നു. തുടര്‍ച്ചയായി നിയമം ലംഘിച്ചാല്‍ ഗ്രാമവാസികള്‍ക്ക് മുഴുവന്‍ പിഴ ചുമത്തുന്ന വകുപ്പും നിയമത്തിലുണ്ട്. കളക്ടീവ് ഫൈന്‍ എന്ന രീതിയില്‍ ഒരു ലക്ഷം രൂപ വരെ ഇങ്ങനെ പിഴ ചുമത്താം. ഇതനുസരിച്ചാണ് ഇപ്പോള്‍ ഗ്രാമവാസികള്‍ക്ക് മുഴുവനായി പിഴ ചുമത്തിയത്.
















