ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കലിഖോ പുല്‍ ആത്മഹത്യ ചെയ്തു. ഇന്നലെ രാവിലെ പുലിനെ (47) ഔദ്യോഗിക വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടില്ല. മരണകാരണം സംബന്ധിച്ച് വ്യക്തതയില്ല.
വിഷാദ രോഗത്തിനടിമയായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. ഇന്നലെ രാവിലെ എട്ടിനും ഒമ്പതിനും ഇടയ്‌ക്കാണ് മരണമെന്നാണ് സൂചന. മുഖ്യമന്ത്രി പദം നഷ്ടമായെങ്കിലും ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നില്ല. ഈ ആഴ്ച ഇത് ഒഴിയാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.
പുലിന്റെ മരണത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പെമ ഖണ്ഡുവിന്റെ വസതിയിലേക്ക് അദ്ദേഹത്തിന്റെ അനുയായികള്‍ മാര്‍ച്ച് നടത്തി. കോണ്‍ഗ്രസ്സിലെ വിമതനീക്കത്തെ തുടര്‍ന്ന് ബിജെപി പിന്തുണയോടെ നാലര മാസത്തോളം മുഖ്യമന്ത്രിയായിരുന്നു കലിഖോ പുല്‍. ഫെബ്രുവരി 18 നാണ് സ്ഥാനമേറ്റത്.
എന്നാല്‍, ജൂലൈയില്‍ പഴയ ഭരണം പുനഃസ്ഥാപിക്കാന്‍ സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു. മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി തുടങ്ങിയ പ്രമുഖരും അനുശോചിച്ചു.
















