കുന്നത്തൂര്‍: കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയുടെ വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ മുടക്കി ശാസ്താംകോട്ട ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിച്ച ബഹുനില കെട്ടിടം ഉദ്ഘാടനം ചെയ്ത് ഉപയോഗപ്രദമാക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
അഞ്ചുമുതല്‍ പ്ലസ്ടു വരെ 1500 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഇവിടെ കെട്ടിടത്തിന്റെ അസൗകര്യം മൂലം ബുദ്ധിമുട്ട് രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. എന്നാല്‍ നിര്‍മ്മാണത്തില്‍ ലക്ഷങ്ങളുടെ അഴിമതിയാണ് ഉണ്ടായത്. ബീമുകളുടെ അളവിലെ ഏറ്റകുറച്ചിലുകളും വാതിലുകളും ജനലുകളും തുറക്കാന്‍പോലും കഴിയാത്തതും അഴിമതിയുടെ തെളിവുകളാണ്. ബീമുകളുടെ നിര്‍മ്മാണവും കോണ്‍ക്രീറ്റിങും നടക്കുമ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യം പോലും ഉണ്ടായില്ലെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു.
കതകുകളുടെയും ജനലിന്റെയും തടികളും ടൈലും ഗുണനിലവാരമുള്ളതല്ല. അഴിമതിക്ക് ഇടയിലും കെട്ടിടം പണി പൂര്‍ത്തിയായെങ്കിലും ഉദ്ഘാടനം നടത്തി വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുത്താത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്ത് വന്നു.
ശാസ്താംകോട്ട പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധവുമായി എത്തിയ പ്രവര്‍ത്തകര്‍ കെട്ടിടത്തിന്റെ പ്രതീകാത്മക ഉദ്ഘാടനം നടത്തി മധുരം വിതരണം ചെയ്തു.
പ്രതിഷേധസമരം ബിജെപി മണ്ഡലം പ്രസിഡന്റ്ആര്‍.രാജേന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്തു.
എം.സത്യപാലന്‍നായര്‍, പി.എന്‍.മുരളിധരന്‍പിള്ള, ഗോകുലം തുളസി, ബി.ദിനചന്ദ്രന്‍, ഡി.സുരേഷ്, മുതുപിലാക്കാട് രാജേന്ദ്രന്‍, ബിനോയ് ജോര്‍ജ്, രാജേന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















