പരീക്ഷിത്ത് ചോദിച്ചു. ”അല്ലയോ സർവജ്ഞനായ മഹർഷേ! രാമൻ എങ്ങനെയാണ് സഹോദരന്മാരോട് പെരുമാറിയിരുന്നത്? സഹോദരന്മാർക്ക് രാമനോടുള്ള അടുപ്പം ഏതുവിധത്തിലായിരുന്നു? പ്രജകളെ രാമൻ എങ്ങനെയാണ് കണ്ടിരുന്നത്. അതിനെല്ലാം ശ്രീശുകൻ മറുപടി പറഞ്ഞു.
”മൂന്നുലോകങ്ങൾക്കും അഭിവന്ദ്യനായ ഭഗവാൻ രാമൻ സഹോദരന്മാരെ ദ്വിഗ്വിജയത്തിനയച്ച് അനുചരന്മാരുമായി പട്ടണം കാണുവാൻ പുറപ്പെട്ടു. സുഗന്ധജലം തളിച്ചതുകൊണ്ടും, മത്തേഭത്തിന്റെ മദംജലം വീണതിനാലും രാജമാർഗങ്ങൾ സുഗന്ധ പൂരിതമായിരുന്നു. കോട്ടകൾ, ഗോപുരങ്ങൾ, സഭാഗൃഹങ്ങൾ, ക്ഷേത്രങ്ങൽ മണിമന്ദിരങ്ങൾ അവയുടെ മുകളിൽ മുഴുവൻ താഴികക്കുടങ്ങൾ വച്ച് പട്ടണത്തെ അതിമനോഹരമാക്കിത്തീർത്തു.
അലങ്കാരത്തിനായി അടയ്‌ക്കകളോടുകൂടിയ കവുങ്ങുകൾ, ചെന്തങ്ങിൻ കരക്കിൻ കുലകൾ, പഴുത്ത പഴക്കുലകൾ, പൂമാലകൾ, തോരണങ്ങൾ എന്നിവകൊണ്ടും നഗരി കമനീയ മാക്കിയിട്ടുണ്ടായിരുന്നു. രാമൻ സഞ്ചരിക്കുന്ന ദിക്കിലെല്ലാം കാഴ്ചകൾ വച്ച് ജനങ്ങൾ വരവേറ്റു. എന്നിട്ട് അവരെല്ലാം മനസ്സുതുറന്ന് പ്രാർത്ഥിച്ചു. ”ഭഗവാനേ അവിടുന്ന് വരാഹാവതാരം സ്വീകരിച്ചുകൊണ്ട് രസാതല യോഗത്തിൽ നിന്ന് ഉയർത്തിക്കൊണ്ടു വന്നതാണല്ലോ ഈ ഭൂമി. ഇതിനെ വളരെക്കാലം രക്ഷിച്ചാലും” എന്നിങ്ങനെ പറഞ്ഞ് ആശിർവദിച്ചു.
തങ്ങളുടെ രാജാവായ ശ്രീരാമൻ പട്ടണം കാണുവൻ വരുന്നുണ്ട് എന്നറിഞ്ഞ് ആബാലവൃദ്ധംജനങ്ങളും അവരവരടെ മട്ടുപ്പാവിൽ നിന്ന് ഭഗവാനെ ദർശിച്ച് തൃപ്തിയടഞ്ഞു. അവർ പുഷ്പവൃഷ്ടിയോടെ യാണ് വരവേൽപ്പുനൽകിയത്. തന്റെ പൂർവികർ താമസിച്ചിരുന്ന കൊട്ടാരങ്ങൾ ആവേളയിൽ സന്ദർശിച്ചു. ക്ഷയിക്കാത്ത ഭണ്ഡാരങ്ങളും, വിശേഷപ്പെട്ട വിലമതിക്കാനാവാത്ത ഒട്ടനേകം ഉപകരണങ്ങൾ അവിടെ കാണപ്പെട്ടു.
പവിഴങ്ങൾ പതിച്ച ഗോപുരദ്വാരങ്ങൾ, മരതകങ്ങൾ പതിച്ചനിലങ്ങൾ സ്ഫടികനിർമ്മിതമായ ചുവരുകൾ, പലവിധ പുഷ്പത്താൽ ഒരുക്കിയ പൂമാലകൾ, വിവിധ പട്ടിനാൽ ഒരുക്കിയ കൊടിക്കൂറകൾ, വിശേഷപ്പെട്ട വസ്ത്രങ്ങൾ, അതിമനോഹരമായ ആഭരണങ്ങൾ, മുത്തുമാലകൾ, സർവാഭരണ വിഭൂഷിതകളായ ദാസിമാർ, പയറ്റിത്തെളിഞ്ഞ പടയാളികൾ, എന്നിവയെല്ലാമടങ്ങിയ കൊട്ടാരത്തിലാണ് ഭഗവാനും മഹാരാജാവുമായ ശ്രീരാമചന്ദ്രൻ പ്രവേശിച്ചത്. ആ അതിമനോഹരമായ കൊട്ടാരത്തിലാണ് അദ്ദേഹം പിൽക്കാലത്ത് താമസമുറപ്പിച്ചത്.
മനുഷ്യരാൽ ധ്യാനിക്കപ്പെടേണ്ടതായ പാദാരവിന്ദങ്ങളോടുകൂടിയ ഭഗവാൻ രാമൻ ധർമ്മത്തിന് അനുകൂലമായ വിധത്തിൽ രാജ്യഭോഗങ്ങൾ അനുഭവിച്ചുകൊണ്ട് മനുഷ്യർക്ക്മാതൃകാ പുരുഷനായി. ഏറെകാലം രാജ്യം ഭരിച്ചു.
















