ചണ്ഡീഗഢ്: ദേവാലയത്തില്‍ വെളിച്ചമുണ്ടെങ്കിലേ നാഗരികത വളരൂ എന്ന പഴംചൊല്ല് അന്വര്‍ത്ഥമാക്കുകയാണ് സുഹൃത്തുക്കളായ പരസ്‌ലൂംബയും വരുണ്‍ലൂംബയും ജയ്ദീപ് ബന്‍സാലും. ആഗോള ഹിമാലയന്‍ പര്യവേഷണത്തിന്റെ ഭാഗമായി ലഡാക്കിലെ ലുംഗ്‌നാക് താഴ്‌വരയൊന്നാകെ വൈദ്യുതിയെത്തിക്കാനുള്ള ദൗത്യത്തിലാണ് ഈ ‘ത്രീ ഇഡിയറ്റ്‌സ്.’
ഹിമാലയത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലെ ജനസഞ്ചയത്തിന് താങ്ങാവുക, അവരെ മുഖ്യധാരയിലേക്കെത്തിക്കുക. അവരുടെ കഴിവുകള്‍ വളര്‍ത്തുക- ഗ്രാമങ്ങളില്‍ വൈദ്യുതിയെത്തിക്കുകയാണ് ഇതിന് അനിവാര്യം, പരസും ജയ്ദീപും വരുണും അതിനുള്ള ശ്രമത്തിലാണ്.
അതിന്റെ ആദ്യപടിയായി ഫുഗ്ടല്‍ ബുദ്ധവിഹാരം സോളാര്‍ മൈക്രോ ഗ്രിഡ്‌സ് ഉപയോഗിച്ച് ദീപാലംകൃതമാക്കി. അടുത്തപടി ഒറ്റപ്പെട്ടു കിടക്കുന്ന താഴ്‌വരയ്‌ക്ക് വെളിച്ചമേകല്‍. പുറംലോകവുമായുള്ള ഒറ്റപ്പെടലാണ് ഗ്രാമത്തിന്റെ വളര്‍ച്ചയ്‌ക്കുള്ള വിഘാതം. അതിലേക്കല്‍പ്പം വെളിച്ചം പകരുന്നത് നിസാരകാര്യമല്ല.
ലഡാക്കിലെ ലേ യില്‍ നിന്ന് 500 കിമീ ദൂരെയാണ് ഈ ബുദ്ധവിഹാരം. ലോകത്തലെ തന്നെ ഏറ്റവും പഴക്കമേറിയ വിഹാരങ്ങളിലൊന്ന്. ടാറിട്ട റോഡിലെത്താന്‍ 20 കിമീ നടക്കണം. ആദ്യം ലുഗ്‌നാക് ഗ്രാമത്തില്‍ വൈദ്യുതിയെത്തിക്കാനായിരുന്നു തീരുമാനം. പക്ഷേ ഗ്രാമവാസികളുടെ നിര്‍ദ്ദേശമായിരുന്നു വെളിച്ചം ആദ്യം ദേവാലയത്തിലാകട്ടെ എന്നത്.















