കൊല്ലം: രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളില്‍ ഉണ്ടായ സ്‌ഫോടനങ്ങളില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. കേരള, തമിഴ്‌നാട്, അന്ധ്രാപ്രദേശ് എന്നീ സംസ്ഥാന പോലീസിലെ നാല് ടീമുകളാണ് പരസ്പരധാരണയോടെ അന്വേഷണം നടത്തുന്നത്.
ചിറ്റൂര്‍, മൈസൂര്‍, കൊല്ലം കോടതികളിലുണ്ടായ സ്‌ഫോടനങ്ങള്‍ ഒരു പോലെയാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌ഫോടനം നടന്ന കേന്ദ്രങ്ങളില്‍ അന്വേഷണസംഘങ്ങള്‍ തെളിവെടുപ്പ് നടത്തി. കൊല്ലം കളക്‌ട്രേറ്റ് വളപ്പിലുണ്ടായ സ്‌ഫോടനം അന്വേഷിക്കുന്ന സംഘം മൈസൂരിലെത്തി തെളിവെടുക്കുകയും കര്‍ണാടക അന്വേഷണസംഘവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മൂന്ന് സ്‌ഫോടനങ്ങളുടെയും പിന്നിലുള്ള ലക്ഷ്യം ഒന്നാണെന്ന് തെളിഞ്ഞിട്ടുണ്ട്. സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ചിരുന്ന സാമഗ്രികളും ഒരു സ്ഥലത്ത് നിന്നും വാങ്ങിയതാണ്. നിര്‍മ്മിച്ചിരിക്കുന്നതും ഒരേ സ്ഥലത്താണ്. ഭയപ്പെടുത്തുക എന്നതാണ് പ്രധാനമായും സ്‌ഫോടനത്തിന്റെ ലക്ഷ്യം. കോടതികളാണ് സ്‌ഫോടനം നടത്താന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ശബ്ദതീവ്രതയുള്ള സ്‌ഫോടനം ആസൂത്രിതമാണ്.
ബോംബ് വച്ച സംഘത്തിലെ ഒന്നിലധികം പേര്‍ സ്‌ഫോടനസമയങ്ങളില്‍ പരിസരത്ത് ഉണ്ടാകാമെന്നും കരുതുന്നു. മൂന്ന് സ്‌ഫോടനങ്ങളിലും ഉപയോഗിച്ചിരിക്കുന്നത് പാറമടകളില്‍ ഉപയോഗിക്കുന്ന വെടിമരുന്നാണെന്നാണ് നിഗമനം. കുട്ടികളുടെ ടിഫിന്‍ബോക്‌സില്‍ ടൈമര്‍ ഘടിപ്പിച്ചാണ് പൊട്ടിച്ചിരിക്കുന്നത്. അതേസമയം ഇനിയുണ്ടാകുവാന്‍ സാധ്യതയുള്ള വലിയ സ്‌ഫോടനങ്ങളുടെ സൂചനയാണോ ഇതെന്നതും അന്വേഷിക്കുന്നുണ്ട്.
അന്വേഷണഏകോപനത്തില്‍ കേന്ദ്ര ഏജന്‍സികളുടെ സഹായവുമുണ്ട്. ആന്ധ്രപ്രദേശിലുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ അല്‍-ഉമയാണെന്ന് കണ്ടെത്തിയിരുന്നു. അതിനാല്‍ അന്വേഷണം അല്‍-ഉമയിലേക്ക് നീങ്ങുന്നുണ്ടെങ്കിലും മറ്റ് തീവ്രവാദ സംഘടനകളും അന്വേഷണ പരിധിയിലുണ്ട്. തമിഴ്‌നാട്ടിലെ ചിലര്‍ക്ക് സ്‌ഫോടനവുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കര്‍ണാടക സംഘം ഇന്ന് കൊല്ലത്ത് എത്തിയേക്കും.
















