ലക്നൗ: ഉത്തർപ്രദേശിൽ ആറ് വയസുകാരി മാനഭംഗത്തിനിരയായി. ഹാപുർ പ്രദേശത്തെ കേദ ഗ്രാമത്തിലാണ് ക്രൂരമായ പീഡനം നടന്നത്. ശനിയാഴ്ച രാത്രി വീട്ടിൽ ഉറങ്ങിക്കൊണ്ടിരുന്ന പെൺകുട്ടിയെ അക്രമി തട്ടിക്കൊണ്ട് പോയി പീഡീപ്പിക്കുകയായിരുന്നു.
രാത്രി പന്ത്രണ്ട് മണിയോട് കൂടി പെൺകുട്ടിയെ കാണാതായതെന്ന് പിതാവ് പറഞ്ഞു. തുടർന്ന് ഇവർ നടത്തിയ തിരച്ചിലിൽ പ്രദേശത്തെ കിണറിനു സമീപത്തു നിന്നും പെൺകുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ പെൺകുട്ടിയെ മീററ്റിലെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പീഡിപ്പിക്കുന്നതിന്റെ ഇടയിൽ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മാരകമായ ക്ഷതമേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ നാഷണൽ ഹൈവേ ഉപരോധിച്ചിരുന്നു. പോലീസിനെ ഇവർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്നും പിതാവ് ആരോപിച്ചു. ഉത്തർപ്രദേശിൽ അമ്മയും മകളും കൂട്ടമാനഭംഗത്തിനിരയായി ഒരാഴ്ച തികയും മുൻപാണ് മറ്റൊരു പീഡനവും അരങ്ങേറുന്നത്.















