ന്യൂദല്‍ഹി: ഗുജറാത്തിന്റെ പതിനാറാമത് മുഖ്യമന്ത്രിയായി വിജയ് രൂപാനി അധികാരമേറ്റു. ഗാന്ധിനഗറിലെ മഹാത്മാമന്ദിറില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഒ.പി. കോഹ്‌ലി സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലും 23 മന്ത്രിമാരും അധികാരമേറ്റു. ഒന്‍പത് മുന്‍ മന്ത്രിമാരെ മാറ്റിയപ്പോള്‍ പുതുതായി ഒന്‍പത് പേര്‍ മന്ത്രിസഭയിലെത്തി.
ബിജെപി ദേശീയ നേതാക്കളുടെ സാനിധ്യത്താല്‍ ശ്രദ്ധേയമായിരുന്നു ചടങ്ങ്. ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി, കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലി, ഹര്‍ഷവര്‍ദ്ധന്‍, ബിജെപി മുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നവിസ്, രഘുബര്‍ദാസ്, മനോഹര്‍ലാല്‍ ഖട്ടാര്‍, മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പുതിയ മുഖ്യമന്ത്രിക്കും മന്ത്രിസഭയ്‌ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു. സംസ്ഥാനത്തിന്റെ വികസനയാത്ര തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ആനന്ദിബെന്‍ പട്ടേലിന്റെ സേവനങ്ങളെയും മോദി ട്വിറ്ററില്‍ പ്രകീര്‍ത്തിച്ചു. ആനന്ദിബെന്‍ പട്ടേല്‍ രാജിവെച്ചതിനെത്തുടര്‍ന്ന് ബിജെപി നിയമസഭാകക്ഷി യോഗം വിജയ് രൂപാനിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തിരുന്നു. ഗുജറാത്തില്‍ ബിജെപിയുടെ വിജയവും വികസക്കുതിപ്പും തുടരുക രൂപാനിയുടെ മുന്നിലുള്ള ലക്ഷ്യം.















