ഹൈദരാബാദ്: ഗോരക്ഷകരെന്ന നാട്യത്തില്‍ രാജ്യത്ത് അസമത്വം സൃഷ്ടിക്കുന്നവര്‍ക്കെതിരേ വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തരം കപട ഗോസംരക്ഷകരെ ഒറ്റപ്പെടുത്തുകയും ശിക്ഷിക്കുകയും വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. തെലങ്കാനയില്‍ ബിജെപിയുടെ പ്രവര്‍ത്തക സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഭിന്നിപ്പിക്കുകയാണ് ഇത്തരം കപട ഗോരക്ഷകരുടെ ലക്ഷ്യം. യഥാര്‍ത്ഥ ഗോസംരക്ഷണവുമായി ഇവര്‍ക്ക് പുലബന്ധമില്ലെന്നും ഇത്തരം സാമൂഹ്യ വിരുദ്ധര്‍ക്കെതിരേ സംസ്ഥാന സര്‍ക്കാരുകള്‍ കടുത്ത നടപടി എടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇത്തരക്കാര്‍ക്കെതിരേ ജനങ്ങള്‍ ജാഗ്രത പാലിക്കണം. സമൂഹത്തില്‍ സംഘര്‍ഷം സൃഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യം. ഭാരതം വ്യത്യസ്ത പാരമ്പര്യവും മൂല്യങ്ങളും കൂടിച്ചേര്‍ന്ന നാടാണ്. അതിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുകയാണ് സര്‍ക്കാരിന്റെ പ്രഥമ ഉത്തരവാദിത്വമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
യഥാര്‍ഥ ഗോസംരക്ഷകരെ താന്‍ അംഗീകരിക്കുന്നതായും അഭിവാദ്യം ചെയ്യുന്നതായും പ്രധാനമന്ത്രി പറഞ്ഞു. വ്യാജ ഗോസംരക്ഷകരെ സമൂഹത്തില്‍ തുറന്നുകാട്ടാന്‍ ഇവരും മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വാര്‍ഥതാല്‍പര്യത്താല്‍ വ്യാജന്‍മാര്‍ ചെയ്യുന്ന കര്‍മങ്ങള്‍ കൊണ്ട് യഥാര്‍ഥ ഗോസംരക്ഷകര്‍ ചെയ്യുന്ന നല്ല കാര്യങ്ങളും ഫലം കാണാതെ പോകുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്നലെയും ഗോ സംരക്ഷണത്തിന്റെ പേരില്‍ അസമത്വം സൃഷ്ടിക്കുന്നവര്‍ക്കെതിരേ പ്രധാനമന്ത്രി കടുത്ത ഭാഷയില്‍ രംഗത്തെത്തിയിരുന്നു.















