തിരുവനന്തപുരം: രാജിവച്ച ജീവനക്കാരി കമ്പനി വക പെന്‍ഡ്രൈവ് തിരികെ നല്‍കിയില്ലെന്ന പേരില്‍ തടഞ്ഞു വച്ച ശമ്പളം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിലൂടെ ലഭിച്ചു. കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം പാറ്റൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ നിര്‍മാണ കമ്പനിയാണ് മെഡിക്കല്‍ കോളേജ് സ്വദേശിനിക്ക് ശമ്പള കുടിശികയായ 10,500 രൂപ നല്‍കിയത്. കമ്പനി 10,500 രൂപയുടെ ചെക്ക് കമ്മീഷന് കൈമാറുകയായിരുന്നു.
കമ്പനിയില്‍ കസ്റ്റമര്‍ റിലേഷന്‍സ് മാനേജരായിരുന്ന പരാതിക്കാരി കമ്പനി ആന്ധ്രാസ്വദേശിയുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന കാലത്താണ് ജോലിക്ക് ചേര്‍ന്നത്. പിന്നീട് കമ്പനിയുടെ ഉടമസ്ഥര്‍ മാറി. പുതിയ മാനേജ്‌മെന്റ് നിലവില്‍ വന്നതോടെ പഴയ ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചു. കമ്പനിവക പെന്‍ഡ്രൈവ് പരാതിക്കാരിയുടെ കൈയിലാണെന്ന് പറഞ്ഞ് ശമ്പളകുടിശിക നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. കമ്മീഷന്‍ കമ്പനിയില്‍ നിന്നു വിശദീകരണം തേടി. കുടിശിക നല്‍കാന്‍ തയ്യാറായില്ലെന്നു മാത്രമല്ല കമ്പനി അധികൃതര്‍ കമ്മീഷന്‍ സിറ്റിംഗില്‍ ഹാജരായുമില്ല.
തുടര്‍ന്ന് കമ്പനി എംഡിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കമ്മീഷന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് കമ്പനി ശമ്പള കുടിശികയായ 10,000 രൂപയുടെ ചെക്ക് കമ്മീഷനില്‍ സമര്‍പ്പിച്ചു. ചെക്ക് പരാതിക്കാരിക്ക് കൈമാറും.
















