കൂരോപ്പട: നിര്‍ദ്ദിഷ്ട കൂടംകുളം-കൊച്ചി 400 കെ.വി. ലൈനിന്റെ നിര്‍മ്മാണത്തിന്റെ ഭാഗമായി കൂരോപ്പട ഭാഗത്ത് നടക്കുന്നത് സാങ്കേതിക സര്‍വ്വേ മാത്രമാണെന്ന് കോട്ടയം ഡപ്യൂട്ടി കളക്ടര്‍ വി.ഡി. ജോണ്‍. പരമാവധി ജനവാസകേന്ദ്രങ്ങള്‍ ഒഴുവാക്കിയാണ് സര്‍വ്വേ നടത്തുന്നത്. പ്രാഥമിക സര്‍വ്വേ മാത്രമായതിനാല്‍ എല്ലാ സ്ഥല ഉടമകള്‍ക്കും പ്രത്യേകം നോട്ടീസ് നല്‍കാന്‍ ഈ സാഹചര്യത്തില്‍ കഴിയുകയില്ല. സ്ഥലം ഏറ്റെടുക്കുന്ന സമയത്ത് മാത്രമേ നിയമ പ്രകാരമുള്ള 61 നോട്ടീസ് നല്‍കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ടവറുകള്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം മാത്രമേ സര്‍ക്കാര്‍ ഏറ്റെടുക്കുകയുള്ളു. ലൈന്‍ കടന്നുപോകുന്ന പ്രദേശത്തിന്റെ ഉടമസ്ഥാവകാശം സ്ഥല ഉടമകള്‍ക്ക് തന്നെയായിരിക്കും. ഏറ്റെടുക്കുന്ന സ്ഥലത്തിന് ഇപ്പോള്‍ ഉള്ള വിലയുടെ അഞ്ച് ഇരട്ടിയും വൈദ്യുതി ലൈന്‍ കടന്നുപോകുന്ന പ്രദേശത്തെ സ്ഥല ഉടമക്ക് ഇപ്പോഴത്തെ വിലയുടെ അഞ്ച്് ഇരട്ടിയുടെ 40 ശതമാനം നഷ്ടപരിഹാരമായി നല്‍കും. അന്തിമതിരുമാനം സര്‍ക്കാരിന്റേതാണെന്ന് ഡപ്യൂട്ടി കളക്ടര്‍ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതിയാണ് ഇതെന്ന് കെ.എസ്.ഇ.ബി. അധികൃതരും വ്യക്തമാക്കി.
മന്ത്രിമാരെയും ജനപ്രതിനിധികളെയും പവര്‍ഗ്രിഡ് അധികൃതര്‍ തെറ്റുദ്ധരിപ്പിക്കുകയാണെന്നാണ് സമരസമിതിയുടെ നിലപാട്. നിരവധി ഏക്കര്‍ സ്ഥലത്തെ റബ്ബര്‍ മരങ്ങള്‍ വെട്ടിനശിപ്പിച്ചാണ് ലൈന്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. 500ലധികം വീടുകളുടെ മുകളിലൂടെ ലൈന്‍ കടന്നു പോകുമെന്ന ന്യൂനതയുമുണ്ട്. ഇതിനെല്ലാം വലിയ തുക നഷ്ടപരിഹാരം നല്‍കേണ്ടതായും വരും. നാട്ടുകാര്‍ സമര്‍പ്പിച്ച ബദല്‍ നിര്‍ദ്ദേശം മാറിമാറി വന്ന സര്‍ക്കാരുകള്‍ നിഷേധിച്ചതാണ് സമരം ശക്തമാകാന്‍ കാരണം. ബദല്‍ മാര്‍ഗ്ഗത്തില്‍ ലൈന്‍ നിര്‍മ്മിച്ചാല്‍ പാതയുടെ ദൈര്‍ഘ്യം കുറയുമെന്നു മാത്രമല്ല കൃഷിനാശം കുറയുകയും ചെയ്യും. ഏറിയ പങ്ക് ദൂരവും വയലില്‍ കൂടി പോകുന്നതിനാല്‍ കൃഷിനാശം കുറയുകയും ചെയ്യും.
ഇക്കാരണങ്ങളാല്‍ റൂട്ട് മാറ്റിയല്ലാതെ യാതൊരു കാരണവശാലും പദ്ധതി നടപ്പാക്കാന്‍ അനുവദിക്കുകയില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന കണ്‍വീനര്‍ ബേബിച്ചന്‍ ഏബ്രഹാം പറഞ്ഞു.
















