റ്റി. കെ. രാധാകൃഷ്ണന്‍
ഗാന്ധിനഗര്‍: അതിരമ്പുഴ കൊലക്കേസിലെ പ്രതി യൂസഫ് അശ്വതിയെ കൊലപ്പെടുത്താന്‍ കാരണം യൂസഫിന്റെ ഭാര്യ വിദേശത്തുനിന്നും തിരിച്ചു വരുന്നു എന്നറിഞ്ഞതിനാല്‍. ഗര്‍ഭിണിയായ അശ്വതി ജൂലൈ 27നകം പ്രസവിക്കും എന്നായിരുന്നു ഇയാളുടെ ധാരണ. എന്നാല്‍ പ്രസവം നടക്കാതെ വന്നതിനെ തുടര്‍ന്നു ഭാര്യ സൗദിയില്‍ നേഴ്‌സായ ഷമി ആഗസ്റ്റില്‍ തിരിച്ചു വരുന്നു എന്നറിഞ്ഞപ്പോള്‍ എങ്ങനെയും അശ്വതിയെ ഒഴിവാക്കണമെന്ന ചിന്ത ഇയാള്‍ക്കുണ്ടായി. ഈരാട്ടുപേട്ട സ്വദേശിയായ ഇയാള്‍ മൂന്നുവര്‍ഷം മുമ്പാണ് അശ്വതിയുടെ വീടിനു സമീപം സ്ഥലം വാങ്ങി വീടുവച്ചു താമസിക്കാന്‍ തുടങ്ങിയത്. ഇയാളുടെ ഭാര്യ ഷമി അയര്‍ക്കുന്നം സ്വദേശിനിയാണ്. ഈ ദമ്പതികള്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല. ഇതിനു ചികിത്സയും നാളുകളായി ഇവര്‍ നടത്തി വരുകയായിരുന്നു. യൂസഫിന്റെ വീടിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് സമീപവാസിയായ വിശ്വനാഥന്റെ കുടുംബവുമായി സൗഹൃദം സ്ഥാപിക്കുന്നത്. ഈ സൗഹൃദം ഒരുമിച്ചുള്ള മദ്യപാനത്തിലേക്ക് വളര്‍ന്നു. അതോടെ വിശ്വനാഥന്റെ കുടുംബത്തിലെ നിത്യ സന്ദര്‍ശകനുമായി. അശ്വതിയുമായി പ്രണയത്തിലായ ഇയാള്‍ അവിഹിതബന്ധത്തിലേര്‍പ്പെട്ടു. 2015 നവംബറില്‍ അശ്വതി അമ്മയുടെ അനിയത്തി ലീലാമണിയുടെ വീട്ടിലേക്കു പോയിരുന്നു. ലീലാമണി തനിച്ചു താമസിക്കുന്നതിനാല്‍ അവരുടെ സഹായത്തിനായാണ് അശ്വതിയെ അവിടെ കൊണ്ടുചെന്നാക്കിയത്. അവിടെവെച്ച് തയ്യല്‍ പഠിക്കുന്നതിനു പോയ അശ്വതിയെ 2015 നവംബര്‍ 10-ാം തീയതി യൂസഫ് കൂട്ടികൊണ്ടുപോകുകയും ജനുവരി 20 വരെ മറ്റാരും അറിയാതെ സ്വന്തം വീടായ അമ്മഞ്ചേരി കുന്നുകുളം മാമ്മൂട്ടില്‍ താമസിപ്പിച്ചു വരികയുമായിരുന്നു. ഒന്നരമാസത്തോളം എറണാകുളം കലൂര്‍ സ്റ്റേഡിയത്തിനു സമീപം ഒരു വനിതാ ഹോസ്റ്റലില്‍ സ്വന്തം ഭാര്യ ഷമിയുടെ പേരിലും താമസിപ്പിച്ചിരുന്നു. ഇയാളുടെ അമ്മയുടെ അനുജത്തി അന്‍സലനയുടെ സഹായത്തോടെയാണ് അശ്വതിയെ ഇവിടെ താമസിപ്പിച്ചത്. മൂന്നു മാസത്തോളം അന്‍സലനയുടെ ഭര്‍ത്താവിന്റെ ജോലിസ്ഥലമായ മുംബൈക്കടുത്തു നെരൂളിലും താമസിപ്പിച്ചു. ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ അവിടെനിന്നും വീണ്ടും കലൂരിലുള്ള ഹോസ്റ്റലില്‍ താമസിക്കുവാന്‍ വാര്‍ഡന്‍ സമ്മതിക്കാത്തതിനാല്‍ യൂസഫ് അശ്വതിയെ സ്വന്തം വീട്ടിലേക്കു കൂട്ടികൊണ്ടു വരികയായിരുന്നു. ഇതിനിടയില്‍ ഗര്‍ഭശുശ്രൂഷയുമായി ബന്ധപ്പെട്ട് എറണാകുളത്തുള്ള ആശുപത്രിയിലും ചികിത്സിക്കുകയുണ്ടായി. ഗര്‍ഭം അലസിപ്പിക്കുവാന്‍ അശ്വതി സമ്മതിക്കാഞ്ഞതിലും ഭാര്യ അറിയാതിരിക്കാന്‍ വേറെയെവിടെയെങ്കിലും മാറ്റി താമസിപ്പിക്കാമെന്നുള്ള യൂസഫിന്റെ ആവശ്യത്തിനു വഴങ്ങാതിരുന്നതും അശ്വതിയെ ഇല്ലാതാക്കാന്‍ പ്രതിയെ പ്രേരിപ്പിച്ചു.
















