ന്യൂദല്‍ഹി: സാക്ഷരത കൂടിയ സംസ്ഥാനമായും ദൈവത്തിന്റെ നാടായും അറിയപ്പെടുന്ന കേരളത്തില്‍ ഭരണകക്ഷിയായ സിപിഎം നടത്തുന്ന അക്രമങ്ങള്‍ രാജ്യത്തിന് കളങ്കമാണെന്ന്് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. ജനാധിപത്യ മാര്‍ഗ്ഗങ്ങളിലൂടെ സിപിഎമ്മിന്റെ അക്രമങ്ങളെ അതിജീവിക്കുന്ന സംഘപ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും പ്രത്യയശാസ്ത്രത്തിന് വേണ്ടി മാത്രമല്ല, മനുഷ്യത്വത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം വേണ്ടിയാണ് സദാനന്ദന്‍ മാസ്റ്ററെപ്പോലുള്ളവര്‍ പോരാടുന്നത്. ദല്‍ഹിയില്‍ നവോദയം സംഘടിപ്പിച്ച റട്രോസിറ്റി സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കിരണ്‍ റിജിജു.
ജനാധിപത്യ മൂല്യങ്ങള്‍ക്കും മനുഷ്യാവകാശത്തിനും വേണ്ടി പാര്‍ലമെന്റില്‍ ശക്തമായി വാദിക്കുന്നവരാണ് ഇടത് എംപിമാര്‍. എന്നാല്‍ തങ്ങളുടെ സ്വാധീനമേഖലയില്‍ ഇതൊന്നും അവര്‍ അനുവദിക്കുന്നില്ല. വികസിത സംസ്ഥാനമായാണ് കേരളം അറിയപ്പെടുന്നത്. മാര്‍ക്‌സിസ്റ്റ് അക്രമങ്ങള്‍ കേരളത്തിന്റെ അപകടകരമായ മറുവശമാണ്.
കേരളത്തിലെ അക്രമങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നില്ല. അതിനാല്‍ ഭൂരിഭാഗം ആളുകള്‍ക്കും ഇത് അറിയില്ല. അക്രമത്തിനെതിരെ ശബ്ദമുയര്‍ത്തുക എന്നത് ഇരകളുടെയോ ഏതെങ്കിലും രാഷ്‌ട്രീയ പര്‍ട്ടിയുടേയോ മാത്രം ബാധ്യതല്ല. ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനത്ത് ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് പരിമിതിയുണ്ട്. ഇരകള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. അക്രമം ഇല്ലാതാക്കാന്‍ ശ്രമങ്ങള്‍ തുടരും.
കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യം പൂര്‍ണമായും മാറുമെന്ന് ഉറച്ച വിശ്വാസമുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തരത്തിലുള്ള അക്രമങ്ങള്‍ ഉണ്ടാവുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തില്‍ നിന്നുള്ളവര്‍ ഐഎസ്സില്‍ ചേര്‍ന്ന സംഭവം അദ്ദേഹം പരാമര്‍ശിച്ചു. ഏതെങ്കിലും പിന്നോക്ക സംസ്ഥാനത്ത് നിന്നായിരുന്നെങ്കില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇതിന് പിന്നിലുണ്ടെന്ന് കരുതാമായിരുന്നു. എന്നാല്‍ കേരളത്തിലെ വിഷയം പ്രത്യയശാസ്ത്രപരമാണെന്നും അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.















