ജി. സുരേഷ്
കൊട്ടാരക്കര: പ്രസംഗം ഒരു കലയാണ്, ആകര്‍ഷിക്കാനും വെറുപ്പിക്കാനും കഴിയുന്ന കല. കൊട്ടാരക്കര കീഴൂട്ടെ മാടമ്പി പിള്ളക്ക് അത് ആവോളമുണ്ടുതാനും. എന്നാല്‍ പിള്ളക്ക് ഈ കല ചിലപ്പോഴക്കെ ബൂമറാങ് ആയി മാറും. കണ്‍മുന്നില്‍ നിറയുന്ന ആള്‍ക്കൂട്ടത്തില്‍ മതിമറക്കുമ്പോള്‍ പിള്ള എന്തും വിളിച്ചു പറയും. സരസ്വതി വിളയാടേണ്ടുന്ന നാവില്‍ പലപ്പോഴും വികടസരസ്വതി വിളയാടും. പറഞ്ഞതു തെറ്റാണെന്നു പറയാന്‍ പിള്ളയെ കിട്ടില്ല. പറഞ്ഞിട്ടില്ലെന്നു പലപ്പോഴും കട്ടായം പറയും ‘
പഞ്ചാബ്’ മുതല്‍ കമുകുംചേരി’വരെ നാവുപിഴയില്‍ അടിതെറ്റിവീഴുന്ന പിള്ളയെ കാണാം. ഇക്കുറി പക്ഷേ കാര്യങ്ങള്‍ കൈവിട്ടു. ഹിന്ദുവിനെ പുലഭ്യം പറഞ്ഞ് മതേതരക്കുപ്പായമണിഞ്ഞ് ന്യൂനപക്ഷങ്ങളുടെ കണ്ണിലുണ്ണിയായ പിള്ളയുടെ കാപട്യം പുറത്തായി. നാലുചുവരുകള്‍ക്കുള്ളിലാണെങ്കില്‍ എന്തും പറയുന്ന ആളാണ് പിള്ളയെന്നു നാടറിഞ്ഞു. ഇക്കുറി വികടസരസ്വതിയില്‍ പിള്ള നാലുകാലും തെന്നിവീണു.
1985ല്‍ കൊച്ചിയില്‍ നടന്ന കേരളകോണ്‍ഗ്രസ് സമ്മേളനത്തില്‍ വച്ച് കേരളത്തിന് കോച്ച് ഫാക്ടറി നഷ്ടപ്പെട്ടപ്പോള്‍ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ പഞ്ചാബ് മോഡല്‍ സമരത്തിന് അണികളെ ആഹ്വാനം ചെയ്ത് മന്ത്രി പണിപോയി. അന്നാണ് പിള്ളയുടെ നാവിലെ ഗുളികന്‍ വില്ലനായി എത്തുന്നത്. മദനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള പിഡിപിയുടെ റാലി ഉദ്ഘാടനം ചെയ്യുമ്പോള്‍ ഇത്ര ചോരയും നീരുമുള്ള യുവാക്കളെ മദനിയുടെ പിന്നില്‍ മാത്രമേ കാണൂ എന്നു വിളിച്ചു പറഞ്ഞ് ആവേശം കൂട്ടുകയും മദനി എനിക്ക് പിറക്കാതെ പോയ മകനാണന്ന് പറയുകയും ചെയ്തതോടെ ചോരയും നീരുമുള്ളവര്‍ അഴിഞ്ഞാടുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്. ഇതിന്റെ പേരില്‍ അറുപതോളം കേസുകളാണ് പിറകെ എത്തിയത്.
എതിരാളികളെ മാത്രമല്ല ഒപ്പമുള്ളവരെപോലും മുണ്ടുരിഞ്ഞെടുക്കുന്ന രീതിയില്‍ ആക്ഷേപിച്ച് കളയും. പാര്‍ട്ടിവിട്ട് രണ്ട് പ്രമുഖ നേതാക്കള്‍ പോയപ്പോള്‍ താന്‍ വളര്‍ത്തിയ പട്ടികളില്‍ രണ്ടെണ്ണം പോയി എന്നായിരുന്നു വിശേഷണം. സ്വന്തം മകനെ മന്ത്രിസ്ഥാനത്തുനിന്നും വലിച്ചിറക്കാന്‍ പിള്ള നടത്തിയ കളികള്‍ കേരളം ഒരു കാലത്തും മറക്കില്ല. പരസ്യമായും രഹസ്യമായും ഗണേശന് കിട്ടിയ തെറികള്‍ ഇന്നും മറന്നു കാണില്ല. ഇ.കെ. നായനാര്‍ വിന്നിമണ്ഡേലയെ ആശ്ലേഷിക്കുമ്പോള്‍ അതില്‍ അശ്ലീലം കണ്ടെത്താനും പിള്ളയ്‌ക്കു കഴിഞ്ഞിരുന്നു.
ഉടുതുണിയും പണിയായുധവും മാത്രവുമായി വന്നവനെന്നാണ് കൊടിക്കുന്നിലിന് പിള്ള നല്‍കിയിരിക്കുന്ന വിശേഷണം. വാളകം കേസിലെ അദ്ധ്യാപകനും കുടുംബവും മാത്രമല്ല കൃഷ്ണകുമാറിനെ ആദ്യമായി പരിശോധിച്ച കൊട്ടാരക്കര താലൂക്കാശുപത്രിയിലെ വനിതാ ഡോക്ടറും പിള്ളയുടെ പ്രയോഗത്തില്‍ കുടുങ്ങിയവരാണ്. ഇത് സംബന്ധിച്ച മാനനഷ്ടക്കേസ് ഇപ്പോഴും നടക്കുകയാണ്.
വലുതും ചെറുതുമായ പ്രയോഗങ്ങള്‍ക്കിടയിലാണ് കമുകിന്‍ചേരിയിലെ യഥാര്‍ത്ഥവെടിക്കെട്ട് പുറത്ത് വരുന്നത്. ഇതോടെ ലഭിക്കാനിരുന്ന മുന്നോക്ക കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും ത്രിശങ്കുവിലായി. ഇനി കേസും പുകിലും തീര്‍ന്ന് എല്ലാമൊന്നൊടങ്ങണം. വിവാദമില്ലങ്കില്‍ പിള്ളയില്ലന്നാണ് ബഹുജനസംസാരം..
















